ശ്രീനഗർ: കുടുംബസമേതം കർണാടകയിൽനിന്ന് അവധിക്കാലം ആഘോഷിക്കാൻ കശ്മീരിലെത്തിയ ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവിനെ കാത്തിരുന്നത് ദുരന്തം. ശിവമോഗയിലെ അറിയപ്പെടുന്ന വ്യവസായിയായ മഞ്ജുനാഥിനെ ഭാര്യ പല്ലവിയുടെ മുന്നിൽവച്ചാണ് ഭീകരർ വെടിവച്ചു വീഴ്ത്തിയത്.
ഏപ്രിൽ 19നാണ് മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്. മകന് വിശന്നപ്പോൾ മഞ്ജുനാഥ് ഭക്ഷണം വാങ്ങാനായി പോയ സമയത്താണ് ഭീകരർ വെടിയുതിർത്തതെന്ന് പല്ലവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
‘സുരക്ഷാ ഉദ്യോഗസ്ഥർ മോക് ഡ്രില്ലോ മറ്റോ നടത്തുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് വെടിയേറ്റു വീണ ഭർത്താവിനെ കണ്ടത്. ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു അദ്ദേഹം. രക്ഷപ്പെടൂ, രക്ഷപ്പെടൂവെന്ന് അലറിവിളിച്ച് ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നവർ ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇങ്ങനെയൊക്കെ സംഭവിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’–പഹൽഗാമിലെ ആശുപത്രിക്കിടക്കയിൽ ഇരുന്ന് വിറയൽ മാറാത്ത സ്വരത്തിൽ പല്ലവി പറഞ്ഞു.
എന്റെ ഭർത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂവെന്ന് ഭീകരരോട് പറഞ്ഞപ്പോൾ ‘പോയി മോദിജിയോട് പറയൂ’ എന്നാണ് ഭീകരരിൽ ഒരാൾ മറുപടി തന്നതെന്നും പല്ലവി കൂട്ടിച്ചേർത്തു.മഞ്ജുനാഥിന്റെ മരണത്തെ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Key Words- Kashmir terrorist attack claims life of Shivamogga businessman Manjunath Rao: His wife Pallavi described the horrifying incident where terrorists shot him while he was getting food for their son.