വാഷിങ്ടൻ: വരുന്ന വർഷം യുഎസ് അധ്യക്ഷതയിൽ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്കു ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ദക്ഷിണാഫ്രിക്കയ്ക്ക് ജി20 അംഗത്വത്തിനു അർഹതയില്ല. ദക്ഷിണാഫ്രിക്കയിൽ യൂറോപ്യൻ വംശജർക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും സർക്കാർ ഇത് അവഗണിക്കുകയാണെന്നുമാണ് ട്രംപിന്റെ ആരോപണം.
ഇതിനിടെ 2026 ലെ ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്തത്തെ കുറിച്ച് ട്രംപ് നടത്തിയ പരാമർശത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചു. ‘ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്തുണ അറിയിച്ച് നിരവധി രാജ്യങ്ങൾ സന്ദേശം അയച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ജി20 ഉച്ചകോടിയിൽ തുടർന്നും പങ്കെടുക്കും. എന്നാൽ ആഗോള വേദിയിൽ പങ്കെടുക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ യോഗ്യതയെക്കുറിച്ച് മറ്റൊരു രാജ്യത്തുനിന്നുണ്ടാകുന്ന അപമാനങ്ങൾ അംഗീകരിക്കാനാവില്ല. പിന്തുണ നേടുന്നതിന് ദക്ഷിണാഫ്രിക്ക ഓരോ രാജ്യത്തെയും സമീപിച്ച് സമ്മർദം ചെലുത്തില്ല. ഉഭയകക്ഷി തലത്തിൽ, ഈ രാജ്യങ്ങളിൽ ചിലത് യുഎസുമായി ഒരുതരം വിഷമകരമായ അവസ്ഥയിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.’ – റമഫോസയുടെ വക്‌താവ് അറിയിച്ചു.
അതേസമയം ജി20 ഉച്ചകോടിയിലേക്കു ദക്ഷിണാഫ്രിക്കയെ ക്ഷണിക്കണമെന്ന് ജർമനി ആവശ്യപ്പെട്ടു. തക്കതായ കാരണമില്ലാതെ ജി7, ജി20 പോലുള്ള കൂട്ടായ്മകളെ ചെറുതാക്കരുതെന്നും ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ കൂടി ക്ഷണിക്കാൻ ട്രംപിനെ താൻ പ്രേരിപ്പിക്കാൻ ശ്രമിക്കുമെന്നും ജർമൻ ചാൻസലർ ഫ്രെഡറിക് മെസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 ഉച്ചകോടി യുഎസ് ബഹിഷ്കരിച്ചിരുന്നു. അതിനാൽ ദക്ഷിണാഫ്രിക്കയിൽ ഉച്ചകോടിയുടെ സമാപനത്തിൽ അധ്യക്ഷപദം യുഎസിനു കൈമാറുന്ന ചടങ്ങ് നടന്നിരുന്നില്ല. ഇതോടെ ഡിസംബർ ഒന്നിനാണ് യുഎസ് ദക്ഷിണാഫ്രിക്കയിൽനിന്ന് അധ്യക്ഷപദം ഒരു വർഷത്തേക്ക് ഏറ്റെടുക്കുക.


















































