ഇസ്‌ലാമാബാദ്: ഭീകരവാദ പ്രവർത്തനം നടത്തുന്ന താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി.
‘ഞങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ഏഴായിരത്തോളം ആളുകളെ നിങ്ങളുടെ മണ്ണിൽ താമസിപ്പിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്ന തീവ്രവാദ ശൃംഖലകൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് അഫ്ഗാൻ അധികാരികൾക്ക് ശക്തമായ സന്ദേശം നൽകുന്നതിനായി ദിവസങ്ങൾക്കുള്ളിൽ ഒരു ഉന്നതതല പ്രതിനിധി സംഘത്തെ കാബൂളിലേക്ക് അയയ്ക്കുമെന്നും ഖ്വാജ മുന്നറിയിപ്പ് നൽകി.
അതേസമയം ഒറാക്‌സായി ജില്ലയിൽ നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ഒരു ലെഫ്റ്റനന്റ് കേണലും ഒരു മേജറും ഉൾപ്പെടെ 11 പാക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പെത്തിയത്. അതുപോലെ തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ ഇസ്‌ലാമാബാദ് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഖ്വാജ ആസിഫ് സൂചന നൽകി.
‘‘മതി, മതി. എല്ലാത്തിനു ഒരു പരിധിയുണ്ട്. ഞങ്ങളുടെ ക്ഷമയ്ക്കും പരിധികളുണ്ട്. പാക്കിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ എവിടെയുമാകട്ടെ, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും’’- ഖ്വാജ ആസിഫ് പറഞ്ഞു.
മൂന്ന് വർഷം മുമ്പ് കാബൂൾ സന്ദർശന വേളയിൽ പാക്ക് ഉദ്യോഗസ്ഥർ അഫ്ഗാൻ, താലിബാനുമായി അതിർത്തി കടന്നുള്ള തീവ്രവാദ വിഷയം നേരിട്ട് ഉന്നയിച്ചിരുന്നുവെന്ന് ഖ്വാജ ആസിഫ് വെളിപ്പെടുത്തിയതായി പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. ടിടിപി തീവ്രവാദികളെ പാക്ക്-അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റുന്നതിനായി താലിബാൻ സർക്കാർ 10 ബില്യൻ ആവശ്യപ്പെട്ടിരുന്നുവെന്നും ആസിഫ് അവകാശപ്പെട്ടു.