ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം എത്രയും വേഗത്തിലാക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി കേരളത്തിൽ ചർച്ചകൾ നടത്തും. പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിരീക്ഷകരും ഉടൻ കേരളത്തിലെത്തും. കനഗോലുവിൻറെ റിപ്പോർട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡമാക്കും.
സ്ഥാനാർത്ഥി നിർണ്ണയം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി വേഗത്തിൽ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാൻഡ് നൽകിയ നിർദേശം. ആദ്യ പടിയായി മധുസൂദൻ മിസ്ത്രി ചെയർമാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികൾ തുടങ്ങുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തർക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ഈ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് പാർട്ടി ആലോചിക്കുന്നത്.
അതുപോലെ ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കും. യുവത്വവും അനുഭവസമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. സ്ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും. കമ്മിറ്റിയിലുള്ളത് ദേശീയ നേതാക്കളായതിനാൽ ഡൽഹിയിൽ നിന്ന് ഇടപെടൽ കാര്യമായി പ്രതീക്ഷിക്കാം. മുമ്പ് കേരളത്തിൻറെ ചുമതലയുണ്ടായിരുന്ന നേതാവായതിനാൽ സംസ്ഥാന കോൺഗ്രസിലെ സമവാക്യങ്ങൾ മധുസൂദൻ മിസ്ത്രിക്ക് നന്നായറിയാം. നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി, കർണ്ണാടക ഊർജ്ജമന്ത്രി കെ ജെ ജോർജ് തുടങ്ങിയവരും രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്.
അതേസമയം തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ യുഡിഎഫ് ലക്ഷ്യമിടുമ്പോൾ 75വരെ സീറ്റ് കിട്ടാമെന്നാണ് കനഗോലുവിൻറേതടക്കം എഐസിസിക്ക് മുൻപിലുള്ള സർവേകൾ പ്രവചിക്കുന്നത്. ഘടകകക്ഷികളിൽ ലീഗിൻറെ സ്ട്രൈക്ക് റേറ്റ് ഉയരാമെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ദേശീയ നേതാക്കളുടെ നിരയും കേരളത്തിലേക്കെത്തും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയുമടക്കമുള്ള നേതാക്കളും പ്രചാരണത്തിൽ സജീവമാകും. പരമാവധി മണ്ഡലങ്ങളിൽ നേതാക്കളെ എത്തിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
















































