ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വിജയകുതിപ്പ് തുടരുമ്പോൾ, ചിത്രത്തിന് പ്രശംസയുമായി നടൻ ചന്തു സലിംകുമാർ. ചിത്രം കണ്ടതിന് ശേഷം ചന്തു തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ച വാക്കുകൾ ഇപ്പൊൾ വൈറൽ ആണ്. ചന്തുവിൻ്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് ദുൽഖർ സൽമാനും കമൻ്റ് ചെയ്തതോടെ ചന്തുവിൻ്റെ “കാന്ത” റിവ്യൂ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്.
ചിത്രത്തിൻ്റെ ഓരോ വിഭാഗവും എടുത്തു പറഞ്ഞാണ് ചന്തു സലിംകുമാർ “കാന്ത”
നൽകിയ അനുഭവം വിശദീകരിച്ചത്. “The comeback is always greater than the setback” എന്ന വരികളോടെ തൻ്റെ കുറിപ്പ് ആരംഭിച്ച ചന്തു, ഇത്രയും അസാധ്യമായ ഒരു തിരക്കഥ രചിച്ച സംവിധായകൻ സെൽവമണി സെൽവരാജിനെ അഭിനന്ദിച്ചു. ചിത്രത്തിന് വേണ്ടി ഗംഭീര ദൃശ്യങ്ങൾ, സംഗീതം എന്നിവ നൽകിയ ഡാനി സാഞ്ചസ് ലോപ്പസ്, ജേക്സ് ബിജോയ് എന്നിവരുടെ മികവും എടുത്തു പറഞ്ഞ താരം, സമുദ്രക്കനി, ഭാഗ്യശ്രീ, റാണ എന്നിവരുടെ മികച്ച പ്രകടനങ്ങൾക്കും കയ്യടി നൽകി.
ശേഷം ചിത്രത്തിലെ നായകനായ ദുൽഖർ സൽമാനെ കുറിച്ച് ചന്തു കുറിച്ച വാക്കുകളാണ് വലിയ ശ്രദ്ധ നേടിയത്. ചന്തുവിൻ്റെ വാക്കുകൾ ഇങ്ങനെ, “അവസാനമായി, എന്റെ ബെസ്റ്റി.
നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും. അത് അയാൾ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ TKM, ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്. അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത. Bestie, I’ve got one more thing to tell you. Like we always remind ourselves — They hate, we elevate.
And that’s exactly what we’ll keep doing.”
ചന്തുവിൻ്റെ വാക്കുകൾക്ക് ദുൽഖർ നൽകിയ മറുപടി, “Love you Bestie! Like You Said, They hate, We Elevate! Amen to that!” എന്നാണ്. ദുൽഖർ നിർമ്മിച്ച ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ ഉൾപ്പെടെ ഏറെ ശ്രദ്ധ നേടിയ ഒരു സൗഹൃദമാണ് ദുൽഖറും ചന്തുവും തമ്മിലുള്ളത്. ബെസ്റ്റി എന്ന് പരസ്പരം വിളിച്ചു കൊണ്ടുള്ള ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതിന് മുൻപും വൈറൽ ആയിട്ടുണ്ട്.
നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ‘കാന്ത’യിൽ, അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസർ ആയി റാണ ദഗ്ഗുബതിയും അഭിനയിച്ചിരിക്കുന്നു. കുമാരി എന്ന് പേരുള്ള നടി ആയാണ് ഭാഗ്യശ്രീ ബോർസെ അഭിനയിച്ചത്. ഇവരെ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി


















































