ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വെടിക്കെട്ട് വിജയത്തിനു പിന്നാലെ അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പലേക്ക് നോട്ട് ബിജെപി. ബിഹാർ പാട്ടുംപാടി ജയിച്ചു, ഇതോടെ പശ്ചിമ ബംഗാളും പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിഹാറിലെ ഫലം പുറത്തറിഞ്ഞയുടൻ ബിജെപിയുടെ പശ്ചിമ ബംഗാൾ ഘടകം എക്‌സിലൊരു കുറിപ്പ് പങ്കുവെച്ചു. അടുത്തത് പശ്ചിമ ബംഗാൾ എന്നായിരുന്നു കുറിപ്പിൽ.
എന്നാൽ ഇതിനു പിന്നാലെ ബിജെപിക്കുള്ള തഗ് മറുപടിയുമെത്തി. അതും മലയാളികളുടെ സ്വന്തം ഷിബുദിനാശംസാ വീഡിയോയിലൂടെ. സ്വപ്നം കണ്ടോളൂ എന്ന കുറിപ്പോടെ ബെഞ്ചമിൻ പി ബോബിയുടെ വീഡിയോയുടെ ഒരുഭാഗം പങ്കുവെച്ചുകൊണ്ടായിരുന്നു ടിഎംസിയുടെ മറുപടി. സ്വപ്നം കാണുന്നത് നല്ല കാര്യമാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. ബിജെപിയുടെ സ്വപ്നം നടക്കാൻ പോകുന്നില്ലെന്നായിരുന്നു ടിഎംസിയുടെ മുതിർന്ന നേതാവ് കുനാൽ ഘോഷിന്റെ പ്രതികരണം.
അടുത്തകൊല്ലം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ചില ബിജെപി നേതാക്കൾ ശ്രമിക്കുകയാണ്. എന്നാൽ ബംഗാളിനെയും ബിഹാറിനെയും താരതമ്യം ചെയ്യരുത്. ബിഹാറിലെ ബിജെപിയുടെ വിജയത്തിന് ബംഗാളിൽ യാതൊരു സ്വാധീനവുമുണ്ടാക്കാനാകില്ല. ബംഗാൾ വേറൊരു നാടാണെന്നും കുനാൽ ഘോഷ് കൂട്ടിച്ചേർത്തു. അതേസമയം ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് എൻഡിഎ കാഴ്ചവെച്ചത്. എന്നാൽ മഹാസഖ്യം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
Dream on. 😉 https://t.co/Zmu4dzhGtp pic.twitter.com/5K98JzdQHy
— All India Trinamool Congress (@AITCofficial) November 14, 2025



















































