വാഷിങ്ടൻ: വ്യോമ പ്രതിരോധ മിസൈലുകളടക്കം യുക്രെയ്ന് നൽകുന്ന ആയുധസഹായം വെട്ടിക്കുറച്ച് യുഎസ്. അമേരിക്കയുടെ പുതിയ നീക്കം സൈനികച്ചെലവ്, വിദേശരാജ്യങ്ങൾക്ക് നൽകുന്ന സഹായം എന്നിവയുമായി ബന്ധപ്പെട്ട വിലയിരുത്തൽ യോഗത്തിനുശേഷമാണെന്നു വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുള്ള ആലോചന മാസങ്ങളായി നടക്കുന്നുണ്ടായിരുന്നെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഒപ്പുവച്ചെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പക്ഷെ സമാന രീതിയിൽ മറ്റു രാജ്യങ്ങൾക്കുള്ള സഹായത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. അമേരിക്കൻ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതാണ് തീരുമാനമെന്ന് വൈറ്റ്ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി പറഞ്ഞു.
അതേസമയം തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്തു. പക്ഷെ യുഎസിന്റെ പക്കൽ വേണ്ടത്ര ആയുധങ്ങളില്ലാത്തതിനാലാണ് തീരുമാനമെന്നും റഷ്യ പരിഹസിച്ചു. ‘ഞങ്ങൾ മനസിലാക്കിയിടത്തോളം അമേരിക്കയുടെ ഒഴിഞ്ഞ വെയർഹൗസുകളും ആ വെയർഹൗസുകളിൽ ആയുധങ്ങളില്ലാത്തതുമാണ് ഇതിനു കാരണം. യുക്രെയ്ന് നൽകുന്നുവോ എത്രത്തോളം കുറവ് ആയുധങ്ങൾ നൽകുന്നുവോ അത്രത്തോളം വേഗത്തിൽ പ്രത്യേക സൈനിക നടപടിയും അവസാനിക്കും’–ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനമായ 2 പട്ടണങ്ങൾ കൂടി റഷ്യ പിടിച്ചടകികു. യുക്രെയ്ൻ സേനയുടെ ചരക്കുനീക്കപാതയിലെ സുപ്രധാനമായ പ്രദേശങ്ങളാണിത്. ഡോണെറ്റ്സ്ക് പ്രവിശ്യയുടെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടി പിടിക്കാൻ ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികർ മുന്നേറ്റം ശക്തമാക്കിയിട്ടുണ്ട്. വെടിനിർത്തലിനുവേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് യുക്രെയ്നിനുള്ള ആയുധ സഹായവും യുഎസ് വെട്ടിക്കുറച്ചതെന്നാണ് സൂചന.