തിരുവനന്തപുരം: കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിൻറെ ഭാര്യ ആതിരയെ (30) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്.
ഭർത്താവിനേയും കുഞ്ഞിനേയുമുപേക്ഷിച്ച് കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പദ്ധതിയിട്ട് ജോൺസൺ പെരുമാതുറയിൽ രണ്ടു ദിവസം വീട് വാടകയ്ക്കെടുത്തു താമസിച്ചു. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങൾ അന്വേഷിച്ചതായും സൂചനയുണ്ട്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കഠിനംകുളത്തെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊലയ്ക്കു ശേഷം പ്രതി ആതിരയുടെ വീട്ടിൽ നിന്നും എടുത്ത സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുസമീപത്ത് നിന്നു പോലീസ് കണ്ടെടുത്തു.
കായംകുളം സ്വദേശിയായ രാജീവ് കഴിഞ്ഞ 20 വർഷക്കാലമായി പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിക്കുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ ആതിരയുമായുള്ള വിവാഹം ഏഴ് വർഷം മുൻപാണ് നടന്നത്. ക്ഷേത്ര കമ്മിറ്റിക്കാർ തരപ്പെടുത്തിയ വീട്ടിലാണ് രാജീവും ആതിരയും ഏക മകനും താമസിച്ച് വന്നിരുന്നത്.
യുക്രെയ്നുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണം…!!! റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും…
ആതിരയെ വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി ഭർത്താവ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. എന്നാൽ രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പോലീസിനോടും ഇക്കാര്യം പറഞ്ഞത്.
വിവരം പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പോലീസിനു മൊഴി നൽകി.
ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ, കഠിനംകുളം എസ്എച്ച്ഒ സജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.