മലപ്പുറം: പരസ്യവിചാരണ നടത്തി സിപിഐഎം കൊലപ്പെടുത്തിയ അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി. ഷുക്കൂർ വധക്കേസിലെ 28-ാം പ്രതിയായ പിപി സുരേശനാണ് സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പട്ടുവം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡായ വെളിച്ചാങ്കിൽ നിന്നാണ് സുരേശൻ ജനവിധി തേടുന്നത്.
2012 ഫെബ്രുവരി ഇരുപതിനാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലെ ഷുക്കൂർ കൊല്ലപ്പെടുകയായിരുന്നു. സിപിഐഎം പ്രവർത്തകർ സംഘടിച്ചെത്തി പരസ്യവിചാരണ ചെയ്ത് ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഈ കേസിൽ പി ജയരാജനും ടി വി രാജേഷുമുൾപ്പെടെ 33 പേർ പ്രതികളായ കേസിലെ 28ാം പ്രതിയെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഷുക്കൂർ വധക്കേസിൽ വിചാരണാ നടപടികൾ ഈ വർഷം മെയ് മാസമാണ് ആരംഭിച്ചത്. കൂടാതെ ഈ കേസിലെ 15-ാം പ്രതി ഷിജിൻ മോഹൻ ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി കഴിഞ്ഞ ദിവസം പാർട്ടി തെരഞ്ഞെടുത്തിരുന്നു,
അതേസമയം കഴിഞ്ഞ ദിവസം ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സിപിഐഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയിൽ ചെളളക്കര വാർഡിൽ നിന്നാണ് ചന്ദ്രശേഖരൻ ജനവിധി തേടുന്നത്. 2015-ൽ തലശേരി നഗരസഭ ചെയർമാനായിരുന്ന കാലത്താണ് ഫസൽ കൊലക്കേസിൽ പ്രതിയായ കാരായി ചന്ദ്രശേഖരൻ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി വിധി വന്നത്. കേസിൽ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരന് എതിരെ സിബിഐ ചുമത്തിയിരുന്നത്.


















































