തിരുവനന്തപുരം: മുകേഷിനും കടകംപള്ളി സുരേന്ദ്രനുമെതിരെ ആരോപണമുടർന്നപ്പോഴും അവരെ സംരക്ഷിക്കാൻ സിപിഎം സ്വീകരിച്ച അതേ നിലപാടുതന്നെ സ്വീകരിച്ച് കോൺഗ്രസും. എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കാൻ എൽഡിഎഫിൽനിന്നും ബിജെപിയിൽനിന്നും രാഷ്ട്രീയ സമ്മർദമുണ്ടെങ്കിലും കോൺഗ്രസിലും മറ്റു പാർട്ടികളിലും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നു കണ്ടാണു രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം നിലനിർത്താൻ പാർട്ടി തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചയിലേക്കു കടക്കാത്ത പാർട്ടി നേതൃത്വം രാഹുലിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നത് കണക്കിലെടുത്താണ് തീരുമാനമെടുക്കാത്തത്. എംഎൽഎ സ്ഥാനം ഒഴിയണമെന്ന അഭിപ്രായം ഇന്നലെ രാഹുൽ വിഷയം നേതൃത്വവുമായി ചർച്ച ചെയ്ത നേതാക്കളാരും ഉന്നയിച്ചില്ലെന്നും സൂചനകളുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിപിഎമ്മിന്റെ എംഎൽഎ എം. മുകേഷ് എംഎൽഎക്കെതിരെ നടിയുടെ വെളിപ്പെടുത്തലിൽ ലൈംഗികാതിക്രമത്തിനും വഞ്ചനയ്ക്കും കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അന്ന് മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നും കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയാൽ രാജിക്കാര്യം ആലോചിക്കാമെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ദുരനുഭവമുണ്ടായെന്നു സ്വർണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയപ്പോൾ അതിൽ ഉൾപ്പെട്ട കടകംപള്ളി സുരേന്ദ്രൻ എംഎൽഎക്കും സിപിഎം സമാന രീതിയുലുള്ള ആനുകൂല്യം നൽകി. ഇക്കാരണത്താൽ രാഹുലിന്റെ രാജിക്കായി നിർബന്ധം ചെലുത്താനും രാജി ആവശ്യപ്പെട്ടു തുടർ പ്രക്ഷോഭത്തിനിറങ്ങാനും സിപിഎം ഒന്ന് അറയ്ക്കും.
അതേസമയം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു രാഹുലിനെ രാജിവയ്പിച്ചതു ധാർമികതയുടെ പേരിലാണ്. നിലവിൽ എഴുതിക്കിട്ടിയ പരാതികളൊന്നും രാഹുലിനെതിരെയില്ല. രാഹുലിന്റെ രാജിക്കുശേഷം ഏതാനും ചാറ്റുകൾ കൂടി പുറത്തുവന്നിട്ടുണ്ട്. പോലീസിൽ പരാതിയുമായി ആരെങ്കിലും സമീപിക്കുകയും കേസെടുക്കുകയും ചെയ്താലും എംഎൽഎ സ്ഥാനം ഒഴിയുകയെന്ന തീരുമാനത്തിലേക്കു കോൺഗ്രസ് പോകില്ല. കുറ്റക്കാരനെന്ന് കണ്ടാൽ മാത്രം നടപടിയെടുത്താൽ മതിയെന്ന നിലപാട് കോൺഗ്രസും സ്വീകരിക്കുമെന്ന് ഉറപ്പ്. ഒരേ പന്തിയിൽ രണ്ട് തരത്തിലുള്ള ഭക്ഷണം വിളമ്പേണ്ട ആവശ്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.