ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ വീട്ടുകാരുടെ സംശയം സത്യമായി. യുവാവിന്റേത് കൊലപാതകമാണെന്നു കണ്ടെത്തൽ. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്ത്. കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക അണുബാധയായിരുന്നു മരണ കാരണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ സുരേഷ് കുമാറിൻറെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. നേരത്തെയുണ്ടായ മർദനത്തിൽ തലയ്‍ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയത്.
അതേസമയം തലയ്ക്കുള്ളിൽ അണുബാധയേറ്റാണ് കാവാലം കുന്നമ്മ സ്വദേശി സുരേഷ് കുമാർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ മുപ്പതുകാരനായ യുവാവ് ജൂൺ 2 ന് രാത്രി മരിച്ചു. തലയ്ക്കുള്ളിലെ അണുബാധയാണ് സുരേഷ് കുമാറിൻറെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പരിശോധനയിൽ തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇത് അപകടത്തിൽ പരുക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടർമാരോടും പറഞ്ഞത്.
പക്ഷെ, പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചെന്ന് സുരേഷ് പറഞ്ഞതായി സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് സുരേഷിന് മർദനമേറ്റതായി പറയുന്നത്. പിന്നാലെ സുരേഷിന്റെ അമ്മ നൽകിയ പരാതിയിൽ പുളിങ്കുന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

















































