കൊച്ചി: കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള കരട് രേഖ സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി നിർദേശപ്രകാരം കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഈ ഉപസമിതിയുടെ ചർച്ചകൾക്കായി നിയമസമിതി തയ്യാറാക്കിയ രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർഥി സംഘടനകൾക്ക് രേഖ അയച്ച് അവരുടെ അഭിപ്രായം തേടുകയും തുടർന്ന് വീണ്ടും ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്താൽ മാത്രമേ അത് സർവകലാശാലയുടെ മാർഗനിർദേശമായി മാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിക്കുന്നതിന് മുൻപ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കേണ്ടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പുറത്തുവന്നത് ഒറിജിനൽ രേഖയല്ലെന്നും അത്തരമൊരു രേഖ കേരള സർവകലാശാല തയ്യാറാക്കിയിട്ടില്ലെന്നും വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കരട് നിർദേശങ്ങൾ സംബന്ധിച്ച ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
എന്നാൽ സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖയെന്നാണ് കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചത്. സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെയാണ് രേഖ തയ്യാറാക്കിയതെന്നും സർക്കാർ ഇതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വിദ്യാർഥി രാഷ്ട്രീയം തെറ്റായ കാര്യമല്ലെന്നും പ്രധാന രാഷ്ട്രീയ നേതാക്കളിൽ പലരും വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് വളർന്നുവന്നതെന്നും മന്ത്രി വ്യക്തമാക്കി.
ക്യാംപസിൽ രാഷ്ട്രീയ സമരങ്ങൾ, ധർണ, ഉപരോധം എന്നിവ നടത്തരുത്, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചുള്ള ചില പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള രാഷ്ട്രീയ പ്രചാരണവും നിയന്ത്രിക്കണം തുടങ്ങിയ നിർദേശങ്ങളാണ് പുറത്തുവന്ന കരടിൽ ഉൾപ്പെട്ടിരുന്നത്. കരട് രേഖയിൽ വിദ്യാർഥികൾക്ക് പിഴയും സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളും നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കരട് നിർദേശങ്ങൾക്കെതിരെ വിവിധ വിദ്യാർഥി-രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, നിർദേശങ്ങൾ ഇതുവരെ അന്തിമമാക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ലെന്നും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ ചട്ടത്തിന് രൂപം നൽകുകയുള്ളൂവെന്നും സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.





