ബെംഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും അനുഭവപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഹോട്ടലിൽ വിശ്രമിച്ച അദ്ദേഹം പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി.
ഹുബ്ബള്ളിയിലെ കെഎൽഇ ജഗദ്ഗുരു ഗംഗാധര മഹാസ്വാമിഗളു മൂരുസാവിരമഠ മെഡിക്കൽ കോളേജിന്റെയും 1,200 കിടക്കകളുള്ള കെഎൽഇ ആശുപത്രിയുടെയും മെഡിക്കൽ റിസർച്ച് സെന്ററിന്റെയും പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ കർണാടകയിലെത്തിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായില്ല. ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഹോട്ടലിൽ തന്നെ വിശ്രമിക്കുകയായിരുന്നുവെന്ന് കെഎൽഇ സൊസൈറ്റി ചെയർമാൻ പ്രഭാകർ കോരെ അറിയിച്ചു.
ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ എക്സാംബയിൽ ശ്രീ ബീരേശ്വര കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനും അമിത് ഷാ നിശ്ചയിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നത്തെ തുടർന്ന് പരിപാടിയും ഒഴിവാക്കി. ഭക്ഷ്യവിഷബാധയെ തുടർന്ന് ഛർദിയുണ്ടായതോടെ ചെറിയ തളർച്ച അനുഭവപ്പെട്ടിരുന്നെങ്കിലും പിന്നീട് അമിത് ഷായുടെ ആരോഗ്യനില പൂർണമായും മെച്ചപ്പെട്ടതായി പ്രഹ്ലാദ് ജോഷി അറിയിച്ചു.
അതേസമയം, ശനിയാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുൻപ് അമിത് ഷാ ഹുബ്ബള്ളിയിലെ കെഎൽഇ ക്യാമ്പസിൽ ഹ്രസ്വ സന്ദർശനം നടത്തിയതായി റിപ്പോർട്ടുണ്ട്. ക്യാമ്പസിലെത്തിയ അദ്ദേഹം ചടങ്ങിൽ വിളക്ക് തെളിച്ച ശേഷം മടങ്ങുകയായിരുന്നു.





