കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ ഹർജി നൽകിയത്.
സനൽ കുമാർ ശശിധരൻ നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുകയാണെന്ന് മഞ്ജു വാര്യർ ഹർജിയിൽ ആരോപിച്ചു. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ സനൽ കുമാർ ശശിധരൻ പങ്കുവച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വച്ചാണ് അദ്ദേഹം സമരം നടത്തുന്നത്.
താൻ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തരമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് സമരത്തിലേക്ക് കടന്നതെന്ന് സനൽ കുമാർ പറഞ്ഞു. കഴിഞ്ഞ നൂറ് ദിവസമായി സാമൂഹിക മാധ്യമങ്ങളിലൂടെ വിഷയത്തിൽ പ്രതികരിച്ചിട്ടും സർക്കാർ അന്വേഷണം നടത്താൻ തയ്യാറായില്ലെന്നും തന്റെ പേരിലുള്ള കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇത് വ്യക്തിപരമായ വിഷയമല്ലെന്നും സാമൂഹിക പ്രസക്തിയുള്ള വിഷയമാണെന്നും സനൽ കുമാർ പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും വലിയൊരു മാഫിയക്കെതിരെയാണ് പോരാടുന്നതെന്നും പറഞ്ഞ അദ്ദേഹം പിന്തുണയ്ക്കാൻ ആളുകൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.




