കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശംവെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനിടെ ഓഫീസിൽ നാടകീയ രംഗങ്ങളും അരങ്ങേറി. എഫ്ഐആർ കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ. എഫ്ഐആറിന്റെ ഡിജിറ്റൽ കോപ്പി ഉദ്യോഗസ്ഥർ കാണിച്ചെങ്കിലും ഹാർഡ് കോപ്പി വേണമെന്നായിരുന്നു ആവശ്യം. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്ഐആർ കോപ്പിയുമായി ഓഫീസിലെത്തി.
ഒരാൾക്ക് നിയമപരമായി കൈവശംവെക്കാവുന്നതിലും അധികം അളവിലുള്ള വിവിധ തരത്തിലുള്ള മദ്യമാണ് വാഴവറ്റയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ അബ്കാരി നിയമപ്രകാരമാണ് എക്സൈസ് നടപടി സ്വീകരിച്ചത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശവൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ എന്നിവയാണ് പിടിച്ചെടുത്തത്. മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു.
അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി റിപ്പോർട്ടർ ടിവി ഓഫീസിൽ നടത്തിയ എസ്ഐടി റെയ്ഡും ഇതിനിടെ പൂർത്തിയായി. റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങുന്നതിന് മുമ്പാണ് എക്സൈസ് സംഘം ഓഫീസിലെത്തിയത്.
തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബുധനാഴ്ച രാവിലെ ആറുമണിയോടെ റെയ്ഡ് ആരംഭിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് റെയ്ഡ് അവസാനിച്ചത്. ഏകദേശം 20 മണിക്കൂർ നീണ്ട പരിശോധനയിൽ നിരവധി രേഖകൾ എസ്ഐടി സംഘം കസ്റ്റഡിയിലെടുത്തു. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 6300 അമേരിക്കൻ ഡോളറും പരിശോധനയിൽ കണ്ടെത്തി.




