കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. ബംഗാൾ മുർഷിദാബാദ് റാണിനഗർ ചർമുൻസിപാറ സ്വദേശി ബിഷ്ണു മണ്ഡൽ (24) ആണ് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്.
പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മടത്തോത്തുപാറയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽനിന്നാണ് അരലക്ഷത്തോളം രൂപ വിലവരുന്ന വയറിങ് കേബിളുകൾ മുറിച്ചെടുത്ത് പ്രതി കടന്നുകളഞ്ഞത്. മോഷണവിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽവാസം കഴിഞ്ഞ് ഒന്നരമാസം മുൻപാണ് ബിഷ്ണു പുറത്തിറങ്ങിയത്. പകൽ മുഴുവൻ മുറിയിൽ കിടന്നുറങ്ങുകയും വൈകുന്നേരത്തോടെ പുറത്തിറങ്ങി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിർമാണം നടക്കുന്ന വീടുകളാണ് പ്രധാനമായും ഇയാൾ മോഷണത്തിനായി ലക്ഷ്യമിട്ടിരുന്നത്.
പൈങ്ങോട്ടൂർ, പോത്താനിക്കാട്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ 25ലേറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. വളരെ വിദഗ്ധമായാണ് വയറിങ് കേബിളുകൾ മുറിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞവർഷം മൂവാറ്റുപുഴ കാവിൽനിന്ന് ജനറേറ്റർ കേബിളും മൂവാറ്റുപുഴയിലെ ബിഎസ്എൻഎൽ കെട്ടിടത്തിൽനിന്ന് വിലകൂടിയ ചെമ്പ് വയറുകളും മോഷ്ടിച്ച കേസുകളിലും മറ്റൊരു മോഷണക്കേസിലും ബിഷ്ണു പ്രതിയായിരുന്നു. ഈ കേസുകളിലാണ് ഇയാൾ ജയിൽവാസം അനുഭവിച്ചത്.
ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമായാണ് മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസ്, പോത്താനിക്കാട് സ്റ്റേഷൻ എസ്ഐമാരായ സി.ആർ. രഞ്ജുമോൾ, സിജു ജോസഫ്, പി.വി. എൽദോസ്, കെ.കെ. ബിജു, നിജു കെ. ഭാസ്കർ, സീനിയർ സിപിഒ ബിബിൽ മോഹൻ, സിപിഒ നിയാസുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.





