തിരുനെല്ലി: വയനാട് ജില്ലയിൽ ആശങ്ക സൃഷ്ടിച്ച മാലക്കവർച്ചാ സംഘത്തിലെ മൂന്ന് സ്ത്രീകളെ കൂടി പിടികൂടി വയനാട് പൊലീസ്. തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി സ്വദേശിനി പൊന്നി (39) എന്നിവരെയാണ് കർണാടകയിലെ മൽപേ ബീച്ചിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപിച്ചു പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിന്തുടർന്ന് പിടികൂടിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കെത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇതോടെ ജില്ലയിൽ നടന്ന മാലക്കവർച്ചാ കേസുകളിൽ പിടിയിലായവരുടെ എണ്ണം പത്തായി.
ഓഗസ്റ്റ് 12ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കെത്തിയ സ്ത്രീയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല അന്നദാന മണ്ഡപത്തിൽവെച്ച് മോഷ്ടിക്കുകയായിരുന്നു. മാല നഷ്ടപ്പെട്ട വിവരം സമീപത്തുണ്ടായിരുന്ന പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. മാലക്കവർച്ചാ സംഘം വയനാട് ജില്ലയിൽ വിവിധയിടങ്ങളിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയതോടെ പൊലീസ് വ്യാപക പരിശോധന ശക്തമാക്കി. സംഘത്തെക്കുറിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കർണാടകയിലെ മൽപേ ബീച്ചിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് സ്ത്രീകളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.




