കോഴിക്കോട്∙ മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. തിരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന തോന്നൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം ഉണ്ടായെന്നും 10 വർഷം ഭരിച്ചതിന്റെ സുഖം പാർട്ടിയെ ബാധിച്ചെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
ഭരണം മതി, സമരം വേണ്ട എന്ന ചിന്ത പാർട്ടിയിൽ ഉണ്ടായെന്നും അത് സംഘടനയെ ബാധിച്ചെന്നും തോമസ് ഐസക്ക് പറഞ്ഞു. പാർട്ടിക്കെതിരെ ഉയർന്ന അപഖ്യാതികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. സംഘടനാ സംവിധാനങ്ങളിലെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും തിരുത്തലുകളുടെ തുടർച്ച ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ദൗർബല്യങ്ങൾ മറികടക്കുന്നതിനുള്ള പരിപാടികൾക്ക് രൂപം നൽകി. ഇനി ജനങ്ങളുമായി കൂടുതൽ അടുക്കും. സംഘടനയിലെ വീഴ്ചകൾ പരിഹരിക്കുകയും വർഗ-ബഹുജന അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.






