ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കോടനാട് സ്വദേശിയായ പ്രവാസിയെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 13ന് പുലർച്ചെ 3.30ഓടെയാണ് സംഭവം.
ദൃക്സാക്ഷികളില്ലാതിരുന്നതിനാൽ അന്വേഷണം പൊലീസിന് വെല്ലുവിളിയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളും പരിശോധിച്ച പൊലീസ്, രാത്രികാല ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ നൂറോളം പേരെ ചോദ്യം ചെയ്തു. ഇതിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.
സംഭവത്തിന് പിന്നാലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ കൊല്ലൂരിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ആലുവ സി.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലൂരിലേക്ക് തിരിച്ചു. എന്നാൽ മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചതോടെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പക്കൽനിന്ന് രഹസ്യമായി സൂക്ഷിച്ച സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
തുടർന്നുള്ള ചോദ്യംചെയ്യലിലാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പരാതിക്കാരനിൽനിന്ന് കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതി ജോബിയെ ആലുവ എസ്.എച്ച്.ഒ. രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിൽനിന്ന് പിടികൂടി. സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പിടികൂടിയത്. ജോബിയുടെ പക്കൽനിന്ന് സ്വർണനിറത്തിലുള്ള മാലയും കണ്ടെടുത്തു.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡർ വ്യക്തികളുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ്, സി.ഐ. പി.എം. ഷമീർ, എസ്.ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




