തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിലെ വിധിനിർണയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ നിർദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മിഷൻ. വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകുന്ന മാർക്ക് ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്ക്രോൾ ചെയ്ത് വേദിയിൽ പ്രദർശിപ്പിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ കലോത്സവത്തിനായി പണം പിരിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.
മത്സരം നടക്കുന്ന സമയത്ത് വേദികളിൽ പ്രോഗ്രാം കൺവീനറുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരും മൊബൈൽ നമ്പറും പ്രദർശിപ്പിക്കണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ ക്ലാസ് മുറികളോ മറ്റ് സൗകര്യങ്ങളോ ഒരുക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
കലോത്സവ മാന്വൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി പരിഷ്‌കരിക്കണമെന്നും ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ബി. മോഹൻകുമാർ, കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ എന്നിവരടങ്ങിയ ഫുൾബെഞ്ച് ഉത്തരവിട്ടു.
വിധികർത്താക്കളായി സാംസ്‌കാരിക വകുപ്പിന്റെ പാനലിലുള്ളവരെയും പരിഗണിക്കണം. വിധികർത്താക്കളെ തിരഞ്ഞെടുക്കുന്നതിനായി കൃത്യമായ മാനദണ്ഡം തയ്യാറാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഉപജില്ല മുതൽ സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിധികർത്താക്കളുടെ പേര്, വിദ്യാഭ്യാസ യോഗ്യത, മികവ് തുടങ്ങിയ വിവരങ്ങൾ മത്സരസമയത്ത് സ്ക്രീനിൽ പ്രദർശിപ്പിക്കണം.
ഉപജില്ലാ മത്സരങ്ങളിൽ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും റവന്യൂ ജില്ലാ മത്സരങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും അംഗീകരിക്കുന്ന പാനലിൽനിന്നുള്ളവരെ മാത്രമേ വിധികർത്താക്കളായി നിയമിക്കാവൂ. ജില്ലാതല മത്സരങ്ങളിൽ മറ്റ് ജില്ലകളിൽനിന്നുള്ളവരെയും ഉപജില്ലാതല മത്സരങ്ങളിൽ മറ്റ് ഉപജില്ലകളിൽനിന്നുള്ളവരെയും നിർബന്ധമായും വിധികർത്താക്കളാക്കണമെന്നും നിർദേശമുണ്ട്.
മത്സരം അവസാനിക്കുന്നതുവരെ വിധികർത്താക്കൾ തങ്ങളുടെ ഇരിപ്പിടങ്ങളിൽ തന്നെ ഇരുന്ന് പ്രകടനം വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
അപ്പീൽ കമ്മിറ്റിയുടെ ഉത്തരവ് മത്സരം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം ലഭ്യമാക്കണം. അപ്പീൽ പരിഗണിക്കുമ്പോൾ മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പരാതിക്കാരന് പിഴവുകൾ ബോധ്യപ്പെടുത്തണം. ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെ പ്രകടനവും പരാതിക്കാരന്റെ പ്രകടനവും വീഡിയോ റെക്കോഡിങ്ങിലൂടെ താരതമ്യം ചെയ്ത ശേഷമായിരിക്കണം അപ്പീലിൽ തീരുമാനമെടുക്കേണ്ടത്. അപ്പീൽ ഉത്തരവിൽ കോടതിയെ സമീപിക്കാൻ ആവശ്യമായ സമയപരിധിയും വ്യക്തമാക്കണം.
ഉപജില്ലാതല മത്സരത്തിനും ജില്ലാതല മത്സരത്തിനും ഇടയിൽ കുറഞ്ഞത് പത്ത് ദിവസത്തെ ഇടവേള വേണം. ജില്ലാതല മത്സരത്തിനും സംസ്ഥാനതല മത്സരത്തിനും ഇടയിൽ കുറഞ്ഞത് 15 ദിവസത്തെ ഇടവേളയും നിർബന്ധമാക്കണം. കലോത്സവ വേദികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും ബാലാവകാശ കമ്മിഷൻ നിർദേശിച്ചു.






