തിരുവനന്തപുരം: താൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രസംഗം മുഴുവനായി കേൾക്കാതിരുന്നതാണ് വിവാദങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മകന്റെ ഭാര്യയ്ക്ക് അമ്മമാർ പകർന്ന് നൽകണമെന്ന് പറയും മുമ്പ് മക്കൾക്ക് നല്കണമെന്ന് പറഞ്ഞിരുന്നു. മക്കൾ എന്നത് സ്ത്രീയും പുരുഷനും ഉൾപ്പെടില്ലേ? മുഖ്യമന്ത്രി ചോദിക്കുന്നു.
‘ എന്റെ അമ്മ മരിച്ചിട്ട് 27 വർഷമായി. ഇന്നും ആ രുചി നാവിലുണ്ട്. അത്തരം സ്നേഹവും കരുതലും മക്കൾക്ക് പകർന്നു നൽകണമെന്നായിരുന്നു ഞാൻ പറഞ്ഞത്. അതിനെ സ്ത്രീ വിരുദ്ധ പരാമർശമായി വ്യാഖ്യാനിച്ചത് ശരിയല്ല’, മുഖ്യമന്ത്രി വ്യക്തമാക്കി.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിലും സർക്കാർ നിയമനടപടികൾ കൃത്യമായി പാലിച്ചാണ് മുന്നോട്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ നടപ്പാക്കിയെന്നും തുടർന്ന് രണ്ടാമത്തെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി സ്വീകരിച്ചതായും അദ്ദേഹം വിശദീകരിച്ചു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാർ നടപടിയെടുക്കാനാകില്ലെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചതിനാലാണ് ട്രിബ്യൂണലിൽ നിന്ന് സ്റ്റേ ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തീരുമാനങ്ങളും സമചിത്തതയോടെയും നിയമാനുസൃതമായും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിനടത്തിപ്പിലെ കാലതാമസം ഒഴിവാക്കുക, മികച്ച ജീവിതസൗകര്യവും ബിസിനസ് സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ‘പ്രോസസ് റീ എൻജിനീയറിങ്’ നടപ്പാക്കുന്നത്.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ വസ്തുവകകളും ഉൾപ്പെടുത്തി സമഗ്ര അസറ്റ് രജിസ്റ്റർ തയ്യാറാക്കും. കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ അവലോകനം ചെയ്ത് ഭേദഗതി വരുത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റിയും രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ലേബർ കോഡ് നടപ്പാക്കുന്നതിന് മുമ്പ് എല്ലാ തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തുമെന്നും, ഓപ്പറേഷൻ ‘തുഫാൻ’ കേസിൽ അധ്യാപകരുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമ വേദിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ ഡിജിപിയായി എസ്. ശ്രീജിത്ത്? ചീഫ് സെക്രട്ടറിയുടെ ശുപാർശ മുഖ്യമന്ത്രിക്ക്


















































