ആലുവ: യാത്രക്കാരുടെ കുറവും കനത്ത വരുമാനനഷ്ടവും ചൂണ്ടിക്കാട്ടി ഉച്ചസമയത്തെ സർവീസ് താത്കാലികമായി നിർത്തിവച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) 7,500 രൂപ പിഴ ചുമത്തി. എറണാകുളം മാഞ്ഞാലി–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസിനാണ് പെർമിറ്റ് വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് നടപടി സ്വീകരിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് 2.30-നുള്ള സർവീസ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ബസ് ഉടമ പറഞ്ഞു. ആ സമയത്തെ ഓട്ടത്തിൽ വലിയ നഷ്ടം നേരിടേണ്ടിവന്നതിനാൽ സർവീസ് തുടരാനായില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബസ് സർവീസ് നടത്താതെ നിർത്തിയിട്ടിരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് എംവിഡി പിഴ ചുമത്തിയത്.
സ്ഥിതിഗതികൾ ഉദ്യോഗസ്ഥരെ നേരിട്ട് അറിയിച്ചിരുന്നുവെന്നും, സാമ്പത്തിക ഗതികേട് മൂലമാണ് സർവീസ് ഒഴിവാക്കിയതെന്ന് വിശദീകരിച്ചിരുന്നുവെന്നും ബസ് ഉടമ പറഞ്ഞു. എന്നാൽ ഓൺലൈനിലൂടെ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നായിരുന്നു എംവിഡിയുടെ മറുപടി. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി വ്യക്തമായിരിക്കെ അധികൃതരുടെ നടപടി അന്യായമാണെന്നും ബസ് ഉടമയും ജീവനക്കാരും ആരോപിച്ചു.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മുമ്പ് ശ്രദ്ധ നേടിയ ആളാണ് ഈ ബസിന്റെ ഉടമ. ‘പ്രിയദർശിനി’ പദ്ധതി ആരംഭിച്ച ദിവസം പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.
ഇതിനിടെ, എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകൾ താത്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് ‘ജി ഫോം’ സമർപ്പിച്ചു. സാമ്പത്തിക നഷ്ടമാണ് യഥാർത്ഥ കാരണമെന്നാണ് ബസ് ഉടമകൾ പറയുന്നതെങ്കിലും, ഔദ്യോഗിക രേഖകളിൽ പലരും ‘അറ്റകുറ്റപ്പണി’ എന്ന കാരണമാണ് രേഖപ്പെടുത്തിയതെന്നാണ് വിവരം.
കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ഓർഡിനറി സർവീസിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് ബസുടമകളുടെ പരാതി. വരുമാനം കുത്തനെ ഇടിഞ്ഞതോടെ ദൈനംദിന ചെലവുകൾ പോലും തിരിച്ചുകിട്ടാത്ത സാഹചര്യമാണുള്ളതെന്നും, എല്ലാ ചെലവുകളും കഴിഞ്ഞാൽ ദിവസാവസാനം ആയിരം രൂപ പോലും ബാക്കി ലഭിക്കാത്ത അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
















































