തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല സ്വദേശിനി ആരതിയെ (26) ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. ക്രൂരപീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
അതുൽ ശാരീരികമായി ഉപദ്രവിച്ച ദൃശ്യങ്ങൾ ആരതി വെള്ളിയാഴ്ച അമ്മയ്ക്ക് വാട്സാപ്പിൽ അയച്ചിരുന്നു. മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്.. കൂടാതെ ആത്മഹത്യക്കുറിപ്പും വീട്ടിൽനിന്ന് കണ്ടെടുത്തു. ആരതിയുടെ അമ്മ ജിനുവിന്റെ പരാതിയിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് അതുലിനെതിരെ ചുമത്തിയത്.
സ്ത്രീധനമായി ലഭിച്ച സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. വെള്ളിയാഴ്ച മകളെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് അമ്മ ജിനു അറിയിച്ചതോടെ വൈകിട്ടോടെ അതുൽ വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ആരതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം ഒന്നരവർഷം മുൻപായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വർക്കലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വർക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതൽ ആരതി ഭർതൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് കുടുംബവും പ്രദേശവാസികളും പറയുന്നത്. അൻപത് പവൻ സ്വർണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നൽകിയിരുന്നു. അതുൽ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവിൽ എട്ട് ലക്ഷം രൂപയ്ക്ക് സ്വർണം വിൽക്കുകയും കാർ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീടും പണം ആവശ്യപ്പെട്ട് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.
















































