സിനിമാ ആരാധകരെ നിരാശയിലാഴ്ത്തിയാണ് പ്രശസ്ത സംവിധായകനും നടനുമായ ഭാഗ്യരാജ് വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമെന്നോണം കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
മരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം തന്റെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതം കുടുംബത്തെ അറിയിച്ചിരുന്നു. നടന്റെ മരണത്തിനുപിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്നാണ് തന്തി ടിവി റിപ്പോർട്ട് ചെയ്തത്. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി കോർണിയ ദാനം ചെയ്യുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി റിപ്പോർട്ടിലുണ്ട്.
അതേസമയം ഭാഗ്യരാജിന്റെ നേത്രദാനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് തെലങ്കാനയുടെ മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തന്റെ എക്സ് അക്കൗണ്ടിലൂടെ കുറിച്ചു. അദ്ദേഹം കണ്ണുകൾ ദാനം ചെയ്തു എന്ന വാർത്ത കേട്ടുവെന്നും സ്വന്തം മരണശേഷവും കാഴ്ച നഷ്ടപ്പെട്ടവർക്ക് വെളിച്ചം നൽകണം എന്ന ചിന്തയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും തമിഴിസൈ സൗന്ദരരാജൻ കുറിച്ചു. പൊതുരംഗത്ത് അറിയപ്പെടുന്നവർ കണ്ണുകൾ ദാനം ചെയ്യുന്നതിലൂടെ പൊതുജനങ്ങളിൽ വലിയ അവബോധം സൃഷ്ടിക്കാനാകും. ഇന്ത്യയിൽ പ്രതിവർഷം ഒരുലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകൾക്ക് നേത്രദാനത്തിലൂടെ കോർണിയ ആവശ്യമായി വരുന്നു. എന്നാൽ രാജ്യത്ത് 45,000 മുതൽ 50,000 കോർണിയ മാത്രമേ നേത്രദാനത്തിലൂടെ ലഭ്യമാകുന്നുള്ളൂ എന്നും തമിഴിസൈ സൗന്ദരരാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
















































