ബാർപേട്ട: അസമിലെ ബാർപേട്ടയിലുള്ള സർക്കാർ ആശുപത്രിയിൽ രണ്ടില്‍ കൂടുതൽ കുട്ടികളുള്ള ഗർഭിണികൾക്ക് ഇനി സൗജന്യ രോഗനിർണ്ണയ സേവനങ്ങൾ ലഭിക്കില്ല. ജൂലൈ ഒന്നുമുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ആശുപത്രി മാനേജിങ് കമ്മിറ്റി പ്രസിഡന്റും അസം നിയമസഭാ സ്പീക്കറുമായ രഞ്ജീത് കുമാർ ദാസ് അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ജനസംഖ്യാ നയത്തിന് അനുസൃതമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മൂന്നോ അതിലധികമോ കുട്ടികളുള്ള ഗർഭിണികൾക്ക് ആശുപത്രിയിൽ ഇനി സൗജന്യ സേവനങ്ങൾ ലഭിക്കില്ല. ഇവർ ആശുപത്രി രജിസ്ട്രേഷൻ ഫീസിനു പുറമെ, എക്സ്-റേ, അൾട്രാസൗണ്ട്, ലബോറട്ടറി പരിശോധനകൾ തുടങ്ങി എല്ലാ വൈദ്യസഹായങ്ങൾക്കും പണം നൽകണമെന്നാണ് പുതിയ തീരുമാനം.
ബാർപേട്ട റോഡ് ടൗണിലെ ഫസ്റ്റ് റഫറൽ യൂണിറ്റിൽ (FRU) അത്യാധുനിക അൾട്രാസൗണ്ട് മെഷീൻ സ്ഥാപിച്ച ശേഷം സംസാരിക്കവേയാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഈ നയം നടപ്പിലാക്കണമെന്ന് രഞ്ജീത് കുമാർ ദാസ് ആരോഗ്യ മന്ത്രി അശോക് സിംഗാലിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടു.













































