ന്യൂഡൽഹി: ഡൽഹിയിൽ പിടിയിലായ മനുഷ്യക്കടത്ത് സംഘത്തിന്റെ ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നവജാത ശിശുക്കളെ പലചരക്കുകടയിലെ സാധനങ്ങൾ പോലെ വിലയിട്ടാണ് ഇവർ കൈമാറുകയായിരുന്നു. നഴ്സിംഗ് ഹോമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സംഘം കുഞ്ഞുങ്ങൾക്ക് പ്രൈസ് ടാഗ് വരെ നൽകിയിരുന്നുവെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
ഡൽഹിയിൽ അഞ്ച് ദിവസം മാത്രമായ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് ലക്ഷങ്ങൾ നൽകിയാണ് സംഘം വാങ്ങിയത്. ഇതിന് ശേഷം കുട്ടികൾ ഇല്ലാത്ത മാതാപിതാക്കൾക്ക് ലക്ഷങ്ങൾ വാങ്ങിയായിരുന്നു വിൽപന നടത്തിയിരുന്നത്. പെൺകുഞ്ഞിന് മൂന്ന് മുതൽ നാല് ലക്ഷം വരെയും ആൺകുഞ്ഞിന് ആറ് മുതൽ എട്ട് ലക്ഷം വരെയായിരുന്നു സംഘം വിലയിട്ടിരുന്നത്. പതിവായി വേറെ വേറെ കുട്ടികളുമായി ഡൽഹിയിലെ പഹാർഗഞ്ചിലെത്തിയിരുന്ന യുവതിയേക്കുറിച്ചുള്ള രഹസ്യ വിവരമാണ് വൻ മനുഷ്യക്കടത്ത് സംഘത്തിലേക്ക് പൊലീസ് എത്തുന്നതിന് കാരണമായത്. ജ്യോതി എന്ന കമലേഷ് എന്ന യുവതിയെ പൊലീസ് കണ്ടെത്തുകയും ഒരു കുട്ടിയെ വാങ്ങാനായി ദമ്പതികളെന്ന രീതിയിൽ സമീപിക്കുകയുമായിരുന്നു.
കുഞ്ഞിനെ നേരിൽ കാണുന്നതിനായി മാത്രം 20,000 രൂപ ടോക്കൺ തുക ഈടാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. ജൂൺ 5-ന് കുഞ്ഞിനെ കൈമാറുന്നതിനിടെ യുവതിയെ അറസ്റ്റ് ചെയ്തതോടെയാണ് വൻ അന്തർസംസ്ഥാന മനുഷ്യക്കടത്ത് ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്.
രാജസ്ഥാനിലും ഗുജറാത്തിലുമാണ് സംഘം പ്രധാനമായും കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നത്. പണം നൽകി രക്ഷിതാക്കളിൽ നിന്ന് വാങ്ങിയ കുട്ടികളും തട്ടിക്കൊണ്ടുപോയ കുട്ടികളും സംഘത്തിന്റെ കൈവശമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു വിൽപന കൂടുതലായി നടന്നിരുന്നത്.
റോഹിണിയിലെ ബീഗംപൂരിലുള്ള ഹിരാസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നു ഈ അനധികൃത പ്രവർത്തനങ്ങളുടെ കേന്ദ്രം. ആശുപത്രി ഉടമ ഡോ. വിവേകാണ് സംഘത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വിവിധ ഇടങ്ങളിൽ നിന്ന് എത്തിക്കുന്ന കുഞ്ഞുങ്ങളെ വിൽപന പൂർത്തിയാകുന്നതുവരെ ആശുപത്രിയിൽ പാർപ്പിച്ചിരുന്ന സംഘം, വ്യാജ ജനന സർട്ടിഫിക്കറ്റുകളും പ്രസവ രേഖകളും തയ്യാറാക്കി നൽകിയിരുന്നു.
മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ കുഞ്ഞുങ്ങളെ നാല് ലക്ഷത്തിലധികം രൂപയ്ക്ക് വിറ്റഴിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ആൺകുഞ്ഞുങ്ങൾക്ക് കൂടുതൽ വില ഈടാക്കിയിരുന്നതായും കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 30 നവജാത ശിശുക്കളെ ഇത്തരത്തിൽ വിറ്റതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
കുട്ടികൾക്കായി ഡോ. വിവേകിനെ സമീപിച്ച ഒരു ദമ്പതികളിൽ നിന്ന് ഒമ്പത് ലക്ഷം രൂപ വാങ്ങി, രണ്ട് വ്യത്യസ്ത ഇടങ്ങളിൽ നിന്ന് കൊണ്ടുവന്ന കുഞ്ഞുങ്ങളെ ഇരട്ടക്കുട്ടികളെന്ന പേരിൽ കൈമാറിയ സംഭവവും പുറത്തുവന്നു.
പൊലീസിന്റെ സമയോചിത ഇടപെടലിൽ അഞ്ച് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ സാധിച്ചു. ഇവരിൽ ഒരാൾക്ക് നാല് മാസം പ്രായമുണ്ടെങ്കിൽ, രണ്ട് കുഞ്ഞുങ്ങൾക്ക് 27 ദിവസം വീതവും, മറ്റൊരാൾക്ക് 20 ദിവസവും, ഏറ്റവും ചെറിയ കുഞ്ഞിന് വെറും അഞ്ച് ദിവസവും മാത്രമാണ് പ്രായം. ഡൽഹിയിലും രാജസ്ഥാനിലുമായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.













































