ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവം വിവാദമാകുന്നു. ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങളാണ് കോടതി നിർദേശപ്രകാരം പോലീസ് സ്റ്റേഷനിലെ മൽഖാനയിൽ സൂക്ഷിച്ചിരുന്നത്. വർഷങ്ങൾക്കുശേഷം ആഭരണങ്ങൾ തിരികെ ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് പോലീസ് അറിയിച്ചത്.
2007-ൽ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യ ചെയ്ത യുവതിയുടെ സ്വർണാഭരണങ്ങളാണ് കോടതിയുടെ നിർദേശപ്രകാരം സദർ കോട്‌വാലി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചത്. സ്വർണവളകൾ, മാല, മോതിരം, മൂക്കുത്തി എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങൾക്ക് ഏകദേശം ഒരു കോടി രൂപ വിലമതിക്കുമെന്ന് രേഖകളിലുണ്ട്.
17 വർഷത്തോളം കേസ് കോടതിയിൽ തുടരുകയും 2024 ഫെബ്രുവരിയിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ ഭർത്താവ് ആഭരണങ്ങൾ തിരികെ ആവശ്യപ്പെട്ടതോടെയാണ് സ്വർണം നഷ്ടമായ വിവരം പുറത്തറിയുന്നത്.
സ്വർണം എങ്ങനെ കാണാതായെന്ന ചോദ്യത്തിന് പോലീസ് ആദ്യം നൽകിയ വിശദീകരണം ഏറെ വിവാദമായി. കനത്ത മഴയെ തുടർന്ന് മൽഖാനയിലെ ചില രേഖകൾ നനഞ്ഞതിനാൽ അവ ഉണക്കാൻ സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരയിൽ വച്ചിരുന്നുവെന്നും, അപ്പോൾ അവിടെയെത്തിയ ഒരു കുരങ്ങൻ രേഖകൾ നശിപ്പിക്കുകയും സ്വർണവുമായി കടന്നുകളയുകയും ചെയ്തുവെന്നുമായിരുന്നു കോടതിയിൽ പോലീസ് നൽകിയ വിശദീകരണം.
എന്നാൽ ഈ വാദം കോടതി തള്ളിക്കളഞ്ഞു. സീൽ ചെയ്ത പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന് മഴമൂലം കേടുപാടുകൾ സംഭവിക്കില്ലെന്നും ആഭരണങ്ങൾ നഷ്ടമായതിൽ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നുമാണ് കോടതി നിരീക്ഷിച്ചത്. മൽഖാനയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആഭരണങ്ങൾ ദുരുപയോഗം ചെയ്തിരിക്കാമെന്നും രേഖകളിൽ കൃത്രിമം നടന്നിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. പുനരന്വേഷണത്തിനൊടുവിൽ സ്വർണം കാണാതായത് മൽഖാനയുടെ ചുമതല വഹിച്ചിരുന്ന രണ്ട് ഹെഡ് കോൺസ്റ്റബിൾമാരുടെ കാലത്താണെന്ന് പോലീസ് കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഇരുവരും മരിച്ചുവെന്നും അതിനാൽ തുടർനടപടികൾക്ക് പരിമിതിയുണ്ടെന്നും പോലീസ് വിശദീകരിച്ചു.
അതേസമയം, നഷ്ടപ്പെട്ട സ്വർണത്തിന് പകരം നഷ്ടപരിഹാരം നൽകണമെന്ന കോടതി നിർദേശം പാലിച്ചില്ലെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.















































