ഹൈദരബാദ്: ഉറക്കമില്ലായ്മയും മാനസിക സമ്മർദവും അലട്ടി. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയ്യിലെടുത്ത് അപ്പാർട്ട്‌മെന്റിന്റെ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കി. യുവതിയുടെ കൈകളിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഹൈദരാബാദിലെ മിയാപൂരിലെ മയൂരി നഗറിലുള്ള ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന 37-കാരിയായ ഇഷ സാഹുവാണ് മരിച്ചത്. സംഭവസമയത്ത് യുവതിയുടെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് വീഴ്ചയ്ക്കിടെ അമ്മയുടെ കൈയിൽ നിന്ന് തെന്നിമാറി താഴേക്ക് വീണെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ അപ്പാർട്ട്‌മെന്റിലെ താമസക്കാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി കുഞ്ഞിനെ കെ.പി.എച്ച്.ബിയിലെ ലോട്ടസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ഉയരത്തിൽ നിന്ന് വീണ ഇഷ സാഹുവിന് ഗുരുതര പരിക്കുകളേറ്റു. തലയിൽ ഉൾപ്പെടെ മാരകമായ പരിക്കുകൾ സംഭവിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, ഇഷ കഴിഞ്ഞ കുറേ മാസങ്ങളായി ഉറക്കമില്ലായ്മ ഉൾപ്പെടെയുള്ള ഉറക്കസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് വിവരം. ഈ അവസ്ഥ മാനസിക സമ്മർദത്തിനും വിഷമങ്ങൾക്കും കാരണമായിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
















































