വാഷിംഗ്ടൺ: അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനായി, തങ്ങളുടെ വ്യോമത്താവളങ്ങളിൽ ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അനുമതി നൽകിയതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ റോളിലാണ് തങ്ങളെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുമ്പോഴാണ് ഈ ആരോപണം ഉയരുന്നത്.
ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചത്. ഏപ്രിൽ 8ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ നിരവധി യുദ്ധ വിമാനങ്ങൾ പാക്കിസ്ഥാനിലെ നൂർ ഖാൻ എയർ ബേസിലേക്ക് മാറ്റിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിൽ ഇറാനിയൻ വ്യോമസേനയുടെ ആർസി-130 എന്ന രഹസ്യാന്വേഷണ വിമാനവും ഉൾപ്പെടുന്നു.
യുഎസ്–ഇറാൻ സംഘർഷത്തിൽ പാക്കിസ്ഥാന്റെ നയതന്ത്രപരമായ പങ്കിനെക്കുറിച്ച് യുഎസ് പുനർചിന്തനം നടത്തണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. നൂർ ഖാൻ എയർ ബേസിനെ സംബന്ധിച്ച ആരോപണങ്ങൾ ഒരു മുതിർന്ന പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ തള്ളി. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ താവളത്തിൽ യുദ്ധവിമാനങ്ങൾ ഒളിപ്പിക്കുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

















































