ബ്രിട്ടനിൽ നിന്നൊരു അത്യപൂർവ വൈദ്യശാസ്ത്ര സംഭവം പുറത്തുവന്നിരിക്കുന്നു. 49-ാം വയസിൽ നടത്തിയ ഡിഎൻഎ പരിശോധനയിലൂടെ ഇരട്ട സഹോദരിമാരായ മിഷേലും ലാവീനിയ ഓസ്ബോണും തങ്ങൾക്ക് ഒരേ അമ്മയാണെങ്കിലും വ്യത്യസ്ത അച്ഛന്മാരാണെന്ന് തിരിച്ചറിഞ്ഞത് അക്ഷരാർത്ഥത്തിൽ ഞെട്ടലുണ്ടാക്കി. 1976-ൽ നോട്ടിംഗ്ഹാമിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇവർ, പതിറ്റാണ്ടുകൾക്കു ശേഷമാണ് ഈ സത്യത്തിലേക്ക് എത്തിയത്.
ഡിഎൻഎ ഫലങ്ങൾ പ്രകാരം ഇരുവരും ജൈവശാസ്ത്രപരമായി അർദ്ധസഹോദരിമാരാണെന്ന് തെളിഞ്ഞു. “ഹെറ്ററോപിറ്റേണൽ സൂപ്പർഫെക്കണ്ടേഷൻ” എന്നറിയപ്പെടുന്ന അത്യപൂർവ അവസ്ഥയാണ് ഇതിന് പിന്നിൽ. ഒരേ മാസചക്രത്തിൽ ഒരു സ്ത്രീ ഒന്നിലധികം അണ്ഡങ്ങൾ ഉത്പാദിപ്പിക്കുമ്പോൾ, അവ വ്യത്യസ്ത പുരുഷന്മാരിൽ നിന്നുള്ള ബീജങ്ങളാൽ ബീജസങ്കലനം ചെയ്യപ്പെടുന്നതാണ് ഈ പ്രതിഭാസം. ലോകത്താകമാനം ഇതുപോലുള്ള കേസുകൾ രണ്ട് ഡസനിൽ താഴെ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുകെയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏക സംഭവമാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡിഎൻഎ പരിശോധനാഫലം ലാവീനിയയെ കൂടുതൽ ഞെട്ടിച്ചു. “എനിക്കത് ഒരുപക്ഷേ ഉപബോധമനസ്സിൽ അറിയാമായിരുന്നേക്കാം,” എന്നാണ് അവർ പ്രതികരിച്ചത്. എന്നാൽ, ഈ സത്യം തനിക്കു വലിയ മാനസിക സ്വാധീനം ഉണ്ടാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. മറുവശത്ത്, മിഷേൽക്ക് അത്രയും അമ്പരപ്പുണ്ടായില്ലെങ്കിലും സംഭവം ഏറെ വിചിത്രമാണെന്ന് അവർ പറഞ്ഞു. കുട്ടിക്കാലത്ത് നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടാണ് ഇരുവരും വളർന്നത്. അതുകൊണ്ട് തന്നെ തമ്മിലുള്ള ബന്ധം ഏറെ ശക്തമായിരുന്നു.
കുട്ടിക്കാലം മുതൽ തന്നെ അച്ഛനെ കുറിച്ച് ഇരുവർക്കും സംശയങ്ങൾ ഉണ്ടായിരുന്നു. ജെയിംസ് എന്നയാളെ അമ്മ അച്ഛനായി പരിചയപ്പെടുത്തിയിരുന്നുവെങ്കിലും, വർഷങ്ങൾക്കിപ്പുറം തനിക്കവനുമായി സാമ്യമില്ലെന്ന് തിരിച്ചറിഞ്ഞ മിഷേൽ ഇത് ചോദ്യം ചെയ്തു. അതാണ് ഡിഎൻഎ പരിശോധനയിലേക്ക് നയിച്ചത്. പരിശോധനയിൽ ജെയിംസ് മിഷേലിന്റെ അച്ഛനല്ലെന്ന് വ്യക്തമായി. തുടർന്ന് അന്വേഷണം അലക്സ് എന്നയാളിലേക്കെത്തി. രൂപസാദൃശ്യം ഉണ്ടായിരുന്നെങ്കിലും ബന്ധം സ്ഥാപിക്കാൻ കഴിയാതെ പോയി. പിന്നീട് ലാവീനിയയും പരിശോധനക്ക് വിധേയയായപ്പോൾ അലക്സ് അവളുടെ അച്ഛനുമല്ലെന്ന് തെളിഞ്ഞു.
അന്വേഷണം തുടരാൻ ഇരുവരും തീരുമാനിച്ചു. തുടർന്ന് മിഷേൽ ആർതർ എന്നയാളെ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ലാവീനിയ ആർതറുടെ മകളാണെന്ന് സ്ഥിരീകരിച്ചു. ജൈവപരമായി മിഷേലിന്റെ അച്ഛനല്ലെങ്കിലും, അവളെയും മകളായി സ്വീകരിക്കാൻ ആർതർ തയ്യാറായി. അതേസമയം, മിഷേലിന്റെ ഡിഎൻഎ ഫലം ലഭിച്ച ദിവസം തന്നെ അമ്മ മരിച്ചു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിൽ അവർ തന്നെ കാണാൻ എത്തിയിരുന്നുവെന്ന് ആർതർ പിന്നീട് ഇരുവരോടും പറഞ്ഞു. എന്നാൽ മിഷേലിന്റെ യഥാർത്ഥ പിതാവാരെന്ന ചോദ്യത്തിന് ഉത്തരം പറയാതെ അമ്മ വിടവാങ്ങി.
വൈദ്യശാസ്ത്രപരമായി അത്യന്തം അപൂർവമായ ഈ സംഭവം, മനുഷ്യ ജനിതകശാസ്ത്രത്തിന്റെ സങ്കീർണതകളെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

















































