ടെഹ്റാൻ: ഇറാൻ- അമേരിക്ക സംഘർഷത്തിനിടെ നിർണായകമായ വഴിത്തിരിവായി രണ്ട് ആഴ്ച നീളുന്ന വെടിനിർത്തലിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ച പിന്നാലെ രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങൾക്കും ഉടൻ വെടിനിർത്താൻ നിർദേശം നൽകി ഇറാന്റെ സുപ്രീം നേതാവായ മൊജ്താബ ഖമനേയി. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും, താൽക്കാലിക തന്ത്രപരമായ ഇടവേള മാത്രമാണെന്നും തെഹ്‌റാൻ വ്യക്തമായി മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, “യുദ്ധം അവസാനിച്ചിട്ടില്ല. എങ്കിലും സുപ്രീം നേതാവിന്റെ നിർദ്ദേശപ്രകാരം എല്ലാ സൈനിക വിഭാഗങ്ങളും വെടിനിർത്തണം” എന്ന് ഖമേനി വ്യക്തമാക്കി. അതേസമയം വെടിനിർത്തൽ നിലവിൽ വന്നിട്ടും, രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിൽ യാതൊരു കുറവും വരുത്തില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നതെന്നും വിലയിരുത്തലുകളുണ്ട്.
ഇതോടൊപ്പം തന്നെ, അമേരിക്കയോ ഇസ്രയേലോ ചെറിയൊരു പിഴവെങ്കിലും നടത്തുകയാണെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. “ഈ യുദ്ധവിരാമം യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല. ഞങ്ങളുടെ കൈകൾ ഇപ്പോഴും ട്രിഗറിലാണ്. ശത്രുക്കളുടെ ഏതൊരു നീക്കവും പൂർണ്ണശക്തിയിൽ നേരിടും” എന്നായിരുന്നു സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസ്താവനയിലെ വാക്കുകൾ.
അതേസമയം ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ മുൻ സുപ്രീം നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതോടെയാണ് സംഘർഷം ശക്തമായത്. കഴിഞ്ഞ 39 ദിവസമായി തുടരുന്ന ഈ യുദ്ധത്തിൽ പല രാജ്യങ്ങളിലായി നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
വെടിനിർത്തൽ ചർച്ചകൾക്ക് വഴിതെളിച്ച നിർണായക ഘടകമായി ഇരുരാജ്യങ്ങളും തമ്മിൽ കൈമാറിയ പ്രമേയങ്ങൾ വിലയിരുത്തപ്പെടുന്നു. അമേരിക്ക ആദ്യം 15 നിർദ്ദേശങ്ങളടങ്ങിയ പ്രമേയം സമർപ്പിച്ചപ്പോൾ, ഇറാൻ 10 നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി പ്രമേയവും മുന്നോട്ടുവച്ചു. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം ഇറാന്റെ നിയന്ത്രണത്തിൽ സുരക്ഷിതമാക്കുക, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക സാന്നിധ്യം പിൻവലിക്കുക, ഇറാനെതിരായ എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യുക, വിദേശത്ത് തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ തിരിച്ചുകിട്ടുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
ഈ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി അന്തിമ ധാരണയിലേക്ക് എത്താൻ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ ഏപ്രിൽ 10 മുതൽ സമാധാന ചർച്ചകൾ ആരംഭിക്കും. രണ്ട് ആഴ്ച നീളുന്ന ഈ ചർച്ചകൾ ആവശ്യമായാൽ ദീർഘിപ്പിക്കാനാകുമെന്നും അറിയിച്ചിട്ടുണ്ട്. ചർച്ചകൾക്കിടെ രാജ്യത്ത് ഐക്യം നിലനിർത്തുകയും വിജയാഘോഷങ്ങൾ ശക്തമായി തുടരുകയും ചെയ്യണം എന്ന സന്ദേശവും ഇറാൻ സർക്കാർ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് വെടിനിർത്തൽ പ്രഖ്യാപനം നടത്തി. “ഇത് ഇരുവിഭാഗങ്ങൾക്കും അനുകൂലമായ യുദ്ധവിരാമമാണ്. അമേരിക്ക ഇതിനകം തന്നെ സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചുകഴിഞ്ഞു. ഇറാനുമായി ദീർഘകാല സമാധാന കരാറിലേക്ക് നാം വളരെ അടുത്തിരിക്കുകയാണ്” എന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ നിന്ന് ലഭിച്ച 10 നിർദ്ദേശങ്ങൾ ചർച്ചകൾക്ക് പ്രാവർത്തികമായ അടിത്തറ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കണമെന്ന കർശന വ്യവസ്ഥയോടെയാണ് അമേരിക്ക യുദ്ധവിരാമത്തിന് സമ്മതം നൽകിയിരിക്കുന്നത്. ഈ വ്യവസ്ഥ നിറവേറ്റുന്നതാണ് അന്തിമ സമാധാന കരാറിലേക്ക് നീങ്ങുന്നതിലെ നിർണായക ഘടകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാൻ ഈ വെടിനിർത്തലിനെ യുദ്ധഭൂമിയിലെ ശത്രുവിന്റെ കീഴടങ്ങൽ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. ചർച്ചകൾ വിജയകരമായി അവസാനിച്ചാൽ അത് ചരിത്രപരമായ വിജയം ആയി പ്രഖ്യാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത പക്ഷം യുദ്ധം തുടരുമെന്ന ശക്തമായ മുന്നറിയിപ്പും ഇറാൻ വീണ്ടും ആവർത്തിച്ചു.
















































