ഗുരുവായൂർ: ഗുരുവായൂരിൽ മുസ്ലിം എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച് വിവാദ ഫ്ലക്സുമായി ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. നിങ്ങളിത് കാണുന്നില്ലേ എന്ന തലക്കെട്ടോടെ 1977 മുതൽ മണ്ഡലത്തിൽ വിജയിച്ച എംഎൽഎമാരുടെ പേരുകൾ മാത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് ചാവക്കാട് ഭാഗത്ത് ബിജെപി ഈ ബോർഡുകൾ ഉയർത്തിയത്.
മുസ്‌ലിം നാമധാരികളായ ജനപ്രതിനിധികളുടെ പട്ടിക നിരത്തി വോട്ട് ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. നേരത്തെ ‘ഹിന്ദു എംഎൽഎ’ വേണമെന്ന പരാമർശത്തിന്റെ പേരിൽ ബി. ഗോപാലകൃഷ്ണനെതിരെ ചാവക്കാട് പൊലീസ് കേസെടുത്തിരുന്നു. ഈ നടപടിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വിവാദ ഫ്ലക്സുകളുമായി സ്ഥാനാർഥി രംഗത്തെത്തിയത്.
എന്നാൽ താൻ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും കേസുകളെ ഭയപ്പെടുന്നില്ലെന്നുമാണ് ബി. ഗോപാലകൃഷ്ണന്റെ നിലപാട്.വിവാദ ഫ്ലക്സിനെതിരെ അതിരൂക്ഷമായ വിമർശനമാണ് എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ ഉയർത്തിയത്. ഗോപാലകൃഷ്ണന്റേത് വിഭജന രാഷ്ട്രീയമാണെന്നും ഗുരുവായൂരിലെ ജനങ്ങൾക്ക് വേണ്ടത് ജാതിയല്ല, മറിച്ച് വികസനവും കുറഞ്ഞ നിരക്കിലുള്ള ഗ്യാസുമാണെന്നും അദ്ദേഹം പരിഹസിച്ചു. മണ്ഡലത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള നീക്കമാണിതെന്നാണ് എൽഡിഎഫ് പക്ഷം ആരോപിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദും വിഷയത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.














































