വാഷിങ്ടൺ: നയതന്ത്രചർച്ചകൾ തുടരുന്നതിനിടയിലും യുഎസിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഇറാനിലെ ഉന്നതനേതാക്കൾ കൊല്ലപ്പെട്ടതെന്ന് അവകാശവാദവുമായി പ്രസ് സെക്രട്ടറി. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തെ വഞ്ചിച്ചതിനാലാണ് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന്റെ അവകശവാദം.
ഇറാന്റെ മുൻനിര നേതാക്കൾ ഇപ്പോൾ ഭൂമിയിൽ ജീവനോടെ ഇല്ല, കാരണം അവർ കളവ് പറഞ്ഞു, ചർച്ചകളിൽ ഞങ്ങളെ വഞ്ചിച്ചു, അത് പ്രസിഡന്റിന് സ്വീകാര്യമല്ലായിരുന്നു, അതുകൊണ്ടാണ് മുൻനേതാക്കളിൽ പലരും കൊല്ലപ്പെട്ടത്,” ലെവിറ്റ് പറഞ്ഞു. അതുപോലെ ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും ലെവിറ്റ് വ്യക്തമാക്കി.
“അവർ ഞങ്ങളോട് സ്വകാര്യമായി പറയുന്നത് എന്തും പരിശോധിക്കപ്പെടും, അവർ അവരുടെ വാക്ക് പാലിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. പ്രസിഡന്റ് സൈനികപരമായ പ്രത്യാഘാതങ്ങൾ വിശദീകരിച്ചിട്ടുണ്ട്, ഇറാനിയൻ ഭരണകൂടം സ്വകാര്യമായി ഞങ്ങൾക്ക് നൽകുന്ന വാക്ക് പാലിക്കുന്നില്ലെങ്കിൽ അവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും,” അവർ കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ ലക്ഷ്യങ്ങൾ ഉപേക്ഷിച്ച് ഒരു കരാറിൽ എത്താനുള്ള ചരിത്രപരമായ അവസരമാണ് ഇതെന്നും ലെവിറ്റ് പറഞ്ഞു.
യുദ്ധത്തിന്റെ സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്ന കാര്യം പ്രസിഡന്റ് പരിഗണിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് സൂചിപ്പിച്ചു. അതേസമയം ഗൾഫ് രാജ്യങ്ങൾ ഈ സംഘർഷത്തിന് ധനസഹായം നൽകുമോ എന്ന് ചോദിച്ചപ്പോൾ, അതിനായി അവരുമായി ആശയവിനിമയം നടത്താൻ പ്രസിഡന്റ് തീവതാത്പര്യം കാണിക്കുന്നതായും ലെവിറ്റ് പറഞ്ഞു.

















































