ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഫെബ്രുവരി 28ന് ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ മകനും പുതിയ സുപ്രീം ലീഡറുമായ മോജ്തബ ഖമനേയിക്കും പരുക്കേറ്റതായി ഇറാന്റെ സൈപ്രസ് അംബാസഡർ. കാലുകൾക്കും കൈയ്ക്കും പരുക്കേറ്റതിനാൽ അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ നു നൽകിയ അഭിമുഖത്തിലാണ് സൈപ്രസിലെ ഇറാൻ അംബാസഡർ അലിരേസ സലാരിയൻ ഈ വിവരം വ്യക്തമാക്കിയത്.
ആക്രമണസമയത്ത് മോജ്തബ സ്ഥലത്തുണ്ടായിരുന്നുവെന്നും ബോംബാക്രമണത്തിൽ അദ്ദേഹത്തിനും പരുക്കേറ്റുവെന്നും അംബാസഡർ പറഞ്ഞു. കാലുകൾക്കും കൈക്കും പരുക്കേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരുക്കേറ്റതിനാലാണ് പുതിയ സുപ്രീം ലീഡർ പൊതുജനങ്ങൾക്ക് മുന്നിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്തതെന്നും വീഡിയോ സന്ദേശം പോലും പുറത്തുവിട്ടിട്ടില്ലെന്നും അംബാസഡർ വ്യക്തമാക്കി. കൂടാതെ അദ്ദേഹത്തിന് ഇപ്പോൾ പ്രസംഗിക്കാൻ കഴിയുന്ന അവസ്ഥയിലല്ല എന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്ക– ഇസ്രയേൽ വ്യോമാക്രമണത്തിൽ ടെഹ്റാനിലെ പ്രസിഡൻഷ്യൽ കോംപ്ലക്സ് ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം നടന്നത്. അന്നത്തെ ആക്രമണത്തിലാണ് അലി ഖമനേയിയും കുടുംബാംഗങ്ങളായ ഭാര്യ, മകൾ, മരുമകൻ, 14 മാസം പ്രായമുള്ള കൊച്ചുമകൻ ഉൾപ്പെടെ നിരവധി ബന്ധുക്കളും കൊല്ലപ്പെട്ടത്. അതേസമയം മോജ്തബ ചെറിയ പരുക്കുകളോടെ സുരക്ഷിതനാണെന്നും അദ്ദേഹം ഇപ്പോഴും ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുകയാണെന്നും ഇറാനിലെ ചില ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.
ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഇറാന്റെ പുതിയ സുപ്രീം ലീഡറായി മോജ്തബയെ തെരഞ്ഞെടുത്തതിൽ അസന്തോഷം പ്രകടിപ്പിച്ചു. ഫോക്സ് ന്യൂസിനോട് നൽകിയ അഭിമുഖത്തിൽ “അദ്ദേഹത്തിന് സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല” എന്നാണ് ട്രംപ് പറഞ്ഞത്. ഇതോടെ പുതിയ നേതാവിനെതിരെ വീണ്ടും ആക്രമണ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നുണ്ടെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. അതിനാൽ തന്നെ സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം പൊതുജനങ്ങളിൽ നിന്ന് അകലെ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

















































