ടെഹ്റാൻ: ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും ചൈനീസ് കപ്പലെന്ന വ്യാജേന ഹോർമൂസ് കടലിടുക്കിൽ കൂടി യാത്ര തുടരുന്നതായി റിപ്പോർട്ട്. ഇസ്രയേൽ – യുഎസ് സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. എന്നാൽ ചൈനീസ് കപ്പലുകൾക്ക് മാത്രം ഹോർമൂസിൽ കൂടി കടക്കാൻ അനുമതി നൽകിയിരുന്നു. ഇത് മറയാക്കിയാണ് പല കപ്പലുകളും തങ്ങൾ ചൈനീസ് കപ്പലാണെന്ന വ്യാജേന യാത്ര തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചകളിൽ ചുരുങ്ങിയത് പത്ത് കപ്പലുകൾ ഇത്തരത്തിൽ മാറ്റം വരുത്തിയെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ എഐഎസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ) പ്രദർശിപ്പിക്കുന്ന സന്ദേശത്തിൽ കപ്പലിന്റെ ഉടമ ചൈനീസുകാരനാണെന്നും എല്ലാം ക്രൂ അംഗങ്ങളും അല്ലെങ്കിൽ ക്രൂ അംഗങ്ങൾ കപ്പലിൽ കയറിയത് ചൈനയിൽ നിന്നാണെന്നും മാറ്റം വരുത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇവർ ഈ വിദ്യ പ്രയോഗിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഈ വഴിയിൽ കൂടിയുള്ള ഗതാഗതം അനിശ്ചിതത്വത്തിലാണ്. ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണയും ഈ വഴിയിൽ കൂടിയാണ് കടന്നു പോകുന്നത്. സംഘർഷം ഉടലെടുത്തതിനു പിന്നാലെ ഹോർമൂസിൽ കൂടിയുള്ള ഗതാഗതം താറുമാറായ നിലയിലാണ്.
ഗൾഫ് മേഖലയിൽ മാത്രം ആയിരത്തോളം കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ചില കപ്പലുകൾ തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണ സാധ്യത കുറക്കാൻ വേണ്ടി ജിപിഎസ് വിവരങ്ങൾ മാറ്റി കാണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.













































