ഹൈദരാബാദ്: വിശാഖപട്ടണത്ത് യൂട്യൂബറായ കോളേജ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. വിശാഖപട്ടണം സ്വദേശിയായ ബോനു കൊമാലി(24)യെയാണ് ഹൈദരാബാദിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നും പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് നിഗമനമെന്നും പോലീസ് പറഞ്ഞു. ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബി.എസ്.സി. വിദ്യാർഥിനിയാണ് കൊമാലി. തെലുഗിൽ ലൈഫ്‌സ്റ്റൈൽ വീഡിയോകളിലൂടെയാണ് കൊമാലി യൂട്യൂബിൽ ശ്രദ്ധേയയായത്. ഹൈദരാബാദിലെ വാടകവീട്ടിൽ കൊമാലി ഒറ്റയ്ക്കായിരുന്നു താമസം.
തിങ്കളാഴ്ച പുലർച്ചെ കുവൈത്തിൽ ജോലിചെയ്യുന്ന അമ്മയ്ക്ക് കൊമാലി മൊബൈൽ ഫോണിൽ സന്ദേശമയച്ചിരുന്നു. ‘അമ്മേ, ഞാൻ നിങ്ങളെ വളരെയേറെ സ്‌നേഹിക്കുന്നു’ എന്നും അനുജനെ നോക്കണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതിനുപിന്നാലെ യുവതിയുടെ ഫോൺ സ്വിച്ച്ഓഫായി. സന്ദേശം കണ്ടതിന് പിന്നാലെ അമ്മ കൊമാലിയെ നിരന്തരം ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫാണെന്നായിരുന്നു മറുപടി. ഇതോടെ അമ്മ നാട്ടിലുള്ള സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ സുഹൃത്ത് യുവതിയുടെ വാടകവീട്ടിലെത്തി.
എന്നാൽ, വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് യുവതിയെ സീലിങ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്. കഴിഞ്ഞ മൂന്നുവർഷമായി യൂട്യൂബറും സോഫ്റ്റ്‌വെയർ എൻജിനീയറുമായ 27-കാരനുമായി കൊമാലി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായി. തുടർന്ന് രണ്ടുപേരും ബന്ധം വേർപിരിഞ്ഞു. ഇതിനെത്തുടർന്നുണ്ടായ മാനസികപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.














































