തിരുവനന്തപുരം: തുടർഭരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിവാദം കെട്ടടങ്ങും മുമ്പ് കവി സച്ചിദാനന്ദൻ പങ്കുവച്ച പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ കൃതികളെക്കുറിച്ചുള്ള വിവരണ പോസ്റ്റിൻ്റെ അവസാനം കുറിച്ച വാചകത്തിൽ തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന സൂചന സച്ചിദന്ദൻ നൽകി. എന്നാൽ പൊടുന്നനെ ആ വാചകം നീക്കം ചെയ്തു.
‘ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണം ആയി. ചിലത് തീരെ ചെറുത്. എങ്ങോട്ട് പോകുന്നു എന്ന് നോക്കാം. ഒരു കഥാ സമാഹാരം, ഒരു കവിത സമാഹാരം, ഒരു ലേഖനം- പ്രഭാഷണസമാഹാരം; ഇത്ര ഉണ്ടായേക്കും, കൊലചെയ്യപ്പെട്ടില്ല എങ്കിൽ’ -എന്നായിരുന്നു ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. എന്നാൽ 15 മിനിറ്റിനുള്ളിൽ ആ പോസ്റ്റ് തിരുത്തി. ‘കൊല ചെയ്യപ്പെട്ടില്ല എങ്കിൽ’ എന്ന ഭാഗം ഒഴിവാക്കി ‘അതിജീവിച്ചാൽ’ എന്ന് മാറ്റുകയായിരുന്നു. പോസ്റ്റിന് കീഴിൽ നിരവധി കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു. സച്ചിദാനന്ദൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കമൻറുകളിൽ ഏറെയും.
വീണ്ടും ഭരണത്തിലേറണം എന്ന ലക്ഷ്യത്തിലൂന്നി ഇടതുപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് തുടർഭരണം പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന വാദവുമായി സാംസ്കാരിക നായകർ രംഗത്തെത്തിയത്. സച്ചിദാനന്ദൻ ഇക്കാര്യം പരസ്യമായിത്തന്നെ പറയുകയുണ്ടായി. ഇത് വന്തോതിൽ ചർച്ചാവിഷയമാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സിപിഎം നേതാക്കൾ സച്ചിദാനന്ദനെതിരേ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്ബുക്കിൽ പ്രതികരണവുമായി സച്ചിദാനന്ദൻ രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട; ഒരു വീട്ടിൽ നിന്നും 1.16 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സർവ്വകലാശാല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നവർ

















































