കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുന്ന ക്രിക്കറ്റ് ബാറ്റുകൾക്ക് മറ്റെങ്ങും ലഭ്യമാവാത്ത ഗുണങ്ങളും പ്രത്യേകതകളുമുണ്ടെന്ന വിചിത്രവാദമുയർത്തിയാണ് ശ്രീലങ്കൻ ക്രിക്കറ്റ് താരം. ഭാനുക രാജപക്സ. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവർക്ക് ലഭിക്കില്ല ആ ബാറ്റുകൾക്ക് മുകൾഭാ ഗത്ത് റബ്ബർ കൊണ്ടുള്ള പ്രത്യേക പാളിയുണ്ടെന്നാണ് ഭാനുക രാജപക്സയുടെ വാദം. ക്രിക്കറ്റ് താരങ്ങൾക്കെല്ലാം ഇക്കാര്യം അറിയാമെന്നും ശ്രീലങ്കൻ താരം പറയുന്നു. ശ്രീലങ്കൻ താരത്തിൻ്റെ ഈ വാദം ട്വൻ്റി20 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെയാണ് വലിയ ചർച്ചാവിഷയമായിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ഭാനുക രാജപക്‌സ ഇത്തരമൊരു പരാമർശം നടത്തിയത്.
”ഞങ്ങൾക്കു കിട്ടുന്നതിനേക്കാൾ എത്രയോ മികച്ച ബാറ്റുകളാണ് ഇന്ത്യൻ താരങ്ങൾ കളിക്കാൻ പോകുന്നത്. അതിനു മുകളിൽ റബ്ബറിൻ്റെ പാളിയുണ്ടെന്നാണു തോന്നുന്നത്. അതെങ്ങനെ സംഭവിക്കുമെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല. ഈ ബാറ്റുകൾ മറ്റ് താരങ്ങൾക്ക് വാങ്ങാൻ പോലും സാധിക്കില്ല. എല്ലാവർക്കും ഇതറിയാം.”– രാജപസ്ക പറഞ്ഞു. എന്നാൽ ഈ പരാമർശം വിവാദമായതോടെ കൂടുതൽ വിശദീകരണവുമായി രാജപക്‌സ വീണ്ടും രംഗത്തെത്തി. മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ ക്രിക്കറ്റ് വളരെയധികം മുന്നോട്ടുപോയി എന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് രാജപക്സ പിന്നീടു വിശദീകരിച്ചു.
”ഇന്ത്യയിലെ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങളുടെ നിലവാരം എല്ലാം വളരെ മുന്നിലാണ്. ഇന്ത്യയിലെ ബാറ്റ് നിർമ്മാതാക്കൾ ലോകത്തെ ഏറ്റവും മികച്ചവരാണ്. വളരെ ബഹുമാനത്തോടെയാണ് ഇതു പറയുന്നത്. ശ്രീലങ്കൻ താരങ്ങളുടെ ബാറ്റുകളെക്കാൾ ഇരട്ടി മികച്ചതാണ് ഇന്ത്യയുടെ ബാറ്റുകൾ. പണമുണ്ടെങ്കിലും നമുക്ക് അത് വാങ്ങാൻ സാധിക്കില്ല.”– രാജപക്സ വ്യക്തമാക്കി. ശ്രീലങ്കയ്‌ക്കായി 45 ട്വൻ്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള രാജപക്‌സ, ട്വൻ്റി20 ലോകകപ്പിനുള്ള ടീമിൽഇല്ല. കഴിഞ്ഞ വർഷം സിബാബ് വെയ്ക്കെതിരെയാണു ഭാനുക രാജപക്സ ശ്രീലങ്കൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്.
















































