ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ അബ്ദുല്‍ റഹ്മാന്‍ ഫരീദാബാദ് ജയിലില്‍ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുണ്‍ ചൗധരിയുടെ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. ജമ്മു കശ്മീര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാനെ കശ്മീരിലെ നീംക ജയിലില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവെച്ച് റഹ്മാനെ അരുണ്‍ ചൗധരി ആക്രമിക്കുകയായിരുന്നു.
സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കശ്മീരിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുല്‍ റഹ്മാനെ പൊലീസ് പിടികൂടുന്നത്.
ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ സംയുക്തമായി രാജസ്ഥാനിലെ പാലിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.















































