ബീജിംഗ്: അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമാക്കാനൊരുങ്ങി ചൈന. പാക്കിസ്ഥാനിലെ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ പുതുനീക്കം. അഫ്ഗാനിസ്ഥാനുമായി നേരിട്ട് വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി ചൈന മുന്നോട്ടു പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ചൈനയെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഇടനാഴിയായ വാഖാൻ ഇടനാഴി സജീവമാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടന്നു. പാക്കിസ്ഥാനെ ഒഴിവാക്കി ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്’ പദ്ധതിക്ക് പുതിയൊരു പാത കണ്ടെത്തുകയാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യമെന്നാണ് ലഭ്യമാകുന്ന വിവരം.
വഖാൻ ഇടനാഴിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബീജിംഗിൽ നടന്ന യോഗത്തിൽ അഫ്ഗാൻ അംബാസദർ ബിലാൽ കരിമിയും ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വഖാൻ ഇടനാഴി സജീവമാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ-സമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചാ വിഷയമായി. അഫ്ഗാനിസ്ഥാൻ്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചൈന ബഹുമാനിക്കുമെന്നും വിവിധ മേഖലകളിൽ സഹകരണം തുടരുമെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ബദക്ഷൻ പ്രവിശ്യയിലുള്ള 350 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് വഖാൻ ഇടനാഴി. ഇത് അഫ്ഗാനിസ്ഥാനെ ചൈനയുടെ സിൻജിയാങ് പ്രവിശ്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. പർവ്വതനിരകൾ നിറഞ്ഞ ദുർഘടമായ പാതയാണെങ്കിലും, പാക്കിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ ഇടനാഴി സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം പ്രാദേശിക കണക്റ്റിവിറ്റിയുടെ പ്രധാന കേന്ദ്രമായി മാറാൻ ഈ പാതയ്ക്കാകും. എന്നിരുന്നാലും ഈ പദ്ധതി നടപ്പിലാക്കാൻ നിരവധി പ്രതിസന്ധികൾ ചൈന തരണം ചെയ്യേണ്ടതായുണ്ട്..
സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശത്തുകൂടിയുള്ള ഈ പാതയിലൂടെയുള്ള യാത്രയും നിർമ്മാണ പ്രവർത്തനങ്ങളും ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ പ്രദേശം നിലവിൽ വികസനം എത്താത്തതും അടിസ്ഥാന സൗകര്യങ്ങൾ ഒട്ടും തന്നെയില്ലാത്ത ഒന്നാണ്. ഒരു വ്യാപാര പാതയ്ക്ക് ആവശ്യമായ റോഡുകളോ മറ്റ് സംവിധാനങ്ങളോ അവിടെ നിലവിലില്ല. ഏകദേശം 350 കിലോമീറ്റർ നീളമുള്ള ഈ ഇടുങ്ങിയ ഭൂപ്രദേശം കൈകാര്യം ചെയ്യുന്നത് സാങ്കേതികമായി പ്രയാസകരമാണ്.
പാക്കിസ്ഥാനിലെ ക്രമസമാധാന നില വഷളാകുന്നതും ചൈനീസ് പൗരന്മാർക്കും ആസ്തികൾക്കും നേരെ വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുമാണ് ചൈനയെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ചൈന പടിപടിയായി പിന്മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലെ ആക്രമണങ്ങളെ തുടർന്ന് ഗ്വാദിലെ എല്ലാ ഗ്രൗണ്ട് ഓപ്പറേഷനുകളും ചൈന നിർത്തിവെച്ചിരിക്കുകയാണ്. ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പ്രധാനപ്പെട്ട ഭാഗമാണ് ഈ തുറമുഖം. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇസ്ലാമാബാദ് പരാജയപ്പെട്ടതോടെ പാക്കിസ്ഥാനെ ഒരു സുരക്ഷിത വ്യാപാര കേന്ദ്രമായി കാണാൻ ചൈന ഭയപ്പെടുകയാണ്.
വഖാൻ ഇടനാഴിയിലൂടെയുള്ള പുതിയ പാത സജീവമാകുന്നത് പാകിസ്ഥാൻ്റെ സാമ്പത്തിക മേഖലയ്ക്കും തന്ത്രപരമായ സ്ഥാനത്തിനും വലിയ തിരിച്ചടിയുണ്ടാക്കാനാണ് സാധ്യത. പാകിസ്ഥാനെ ഒരു ട്രാൻസിറ്റ് ഹബ്ബായി കാണുന്നത് കുറയ്ക്കാൻ ചൈന തീരുമാനിച്ചാൽ, അത് പാകിസ്ഥാനിലേക്ക് എത്തേണ്ടി വന്നിരുന്ന വലിയ തോതിലുള്ള ചൈനീസ് നിക്ഷേപങ്ങളെ ഇല്ലാതാക്കും. വഖാൻ ഇടനാഴിയിലൂടെ അഫ്ഗാനിസ്ഥാൻ ഒരു പുതിയ കണക്റ്റിവിറ്റി ഗേറ്റ്വേയായി മാറുന്നത് പാക്കിസ്ഥാൻ്റെ സാമ്പത്തികവും തന്ത്രപരവുമായ പ്രാധാന്യം കുറയ്ക്കും.
ശബരിമല സ്വർണക്കൊള്ള കേസ്: ‘അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യണം;സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്, ഈ കേസ് തെളിവില്ലാതെ അവസാനിപ്പിക്കും’ – വി.ഡി സതീശൻ
















































