ന്യൂഡൽഹി: മനുഷ്യർ മൃഗങ്ങളോടൊപ്പം എന്നും ചേർന്നു ജീവിക്കണമെന്നും അവരുടെ ഇടത്തേക്ക് നമ്മൾ അതിക്രമിച്ച് കയറുമ്പോഴാണ് നായകൾ കടിക്കുന്നതെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. തെരുവുനായപ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ മൃഗസ്നേഹികൾക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായപ്പോഴാണ് പുതിയ കണ്ടെത്തൽ.
തനിക്ക് നായയുടെ കടിയേറ്റിട്ടില്ലെന്ന് സിബൽ പറഞ്ഞപ്പോൾ ‘ഭാഗ്യവാൻ’ എന്നായിരുന്നു കോടതിയുടെ പ്രതികരണം. എന്നാൽ തെരുവുനായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കടിയേൽക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഗോശാലകളിൽ താമസിക്കുന്ന കന്നുകാലികളെപ്പോലെയല്ല നായകളെന്നും അവയെ മാറ്റിപ്പാർപ്പിച്ചാൽ ചത്തുപോകുമെന്നും തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിനെ എതിർത്ത് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു. കേസിൽ ഇന്നും വാദം തുടരും.
അതേസമയം പൊതുസ്ഥാപനങ്ങളുടെ പരിസരത്തെ തെരുവുനായകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് കേരളസർക്കാരിന്റെ പക്കലില്ലെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ പറഞ്ഞു. കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് അമിക്കസ് ക്യൂറിയുടെ പരാമർശം.
തെരുവുനായകളുടെ വന്ധ്യംകരണത്തിനുള്ള എബിസി കേന്ദ്രങ്ങൾ വിലയിരുത്താൻ ഫലപ്രദമായ സംവിധാനവും സംസ്ഥാനത്തില്ല. കോടതി നിർദേശിച്ചാൽ കേരളത്തിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ഫലപ്രദമായി എബിസി കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടിയെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.















































