തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന വിമർശനവുമായി സിപിഐ. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് പ്രധാന കാരണമായെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായം. ഇക്കാര്യത്തിൽ കൃത്യമായ വിലയിരുത്തൽ വേണമെന്നും പാർട്ടി യോഗത്തിൽ വിലയിരുത്തലുണ്ടായി.
സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പത്മകുമാറിനെ സിപിഎം സംരക്ഷിച്ചത് തിരിച്ചടിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു. എന്നാൽ സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും സിപിഐ എക്സിക്യൂട്ടിവിൽ വിമർശനമുണ്ടായി.
അതേസമയം അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.













































