ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും?… ഇതാണ് ഇപ്പോൾ ജനങ്ങളുടെ പ്രധാന ചർച്ചാ വിഷയം. വട്ടിയൂർക്കാവ് എംഎൽഎ ആയ വി കെ പ്രശാന്ത് തിരുവനന്തപുരം കോർപറേഷന്റെ കെട്ടിടം ഓഫീസായി ഉപയോഗിക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതോടെയാണ് ഈ വിഷയം വീണ്ടും ജനങ്ങളുടെ ചിന്തയിലേക്കെത്തിയത്. മുമ്പ് കോർപറേഷന്റെ ശാസ്തമംഗലം കൗൺസിലർമാർ ഉപയോഗിച്ചിരുന്ന ഓഫീസ് തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്ത് വട്ടിയൂർക്കാവ് എംഎൽഎ ആയപ്പോൾ സ്വന്തം ഓഫീസിനായി വാടകയ്ക്കെടുക്കുകയായിരുന്നു. എന്നാൽ നിലവിലെ കൗൺസിലർ ശ്രീലേഖ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം പൊതുമധ്യത്തിലേക്കെത്തിയത്. പിന്നാലെ കോർപറേഷനിലെ കോൺഗ്രസ് കക്ഷി നേതാവായ ശബരീനാഥനും വികെ പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന അഭിപ്രായം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത്, പക്ഷേ പ്രശാന്ത് ഒഴിയണമോ വേണ്ടയോ എന്നതല്ല. അത് അവർ അവിടെ ചർച്ചചെയ്ത് തീരുമാനമാക്കട്ടെ. ഇവിടെ നമ്മളെ, അതായത് ദരിദ്രരിൽ ദരിദ്രരുൾപ്പെടുന്ന പൊതുജനങ്ങളെ സേവിക്കുന്നതിനായി ഈ പ്രതിനിധികൾക്ക് നികുതിപ്പണത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും സംബന്ധിച്ച കണക്കുകളാണ് നിങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്.
ആദ്യം തന്നെ ഒരു എംഎൽഎക്ക് ലഭിക്കുന്ന വരുമാനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അടിസ്ഥാന ശമ്പളം എന്ന പേരിൽ കേവലം 2000 രൂപ മാത്രമാണ് ഒരു എംഎൽഎക്ക് കിട്ടുന്നത്. ഇതി കേൾക്കുമ്പോൾ തൊഴിലുറപ്പിനേക്കാൾ കഷ്ടമാണല്ലോ പാവങ്ങളുടെ അവസ്ഥ എന്ന് തോന്നുന്നുണ്ടോ. തോന്നാൻ വരട്ടെ. ശമ്പളമെന്ന പേരിൽ ഇത്രയേ കിട്ടുന്നുള്ളൂ എങ്കിലും ഇതിന്റെ 35 ഇരട്ടിയിലധികം തുക മറ്റു പല പേരുകളിലായി ഇവർക്ക് പ്രതിമാസം ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
എംഎൽഎ മാർക്ക് കിട്ടുന്നത്- ആദ്യം പറഞ്ഞ അടിസ്ഥാന ശമ്പളം 2000 രൂപ, പിന്നെ മണ്ഡല അലവൻസ് എന്ന പേരിൽ 25000 രൂപ. അടുത്തതായി യാത്രാ അലവനൻസ് ആണ്. അത് ഏറ്റവും കുറഞ്ഞത് 20000 രൂപ കിട്ടും. കൂടുതൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് കൂടുതലും ലഭിക്കും. ഇനിയാണ് പ്രധാനപ്പെട്ട മറ്റൊരു അലവൻസ്. ടെലഫോൺ അലവൻസ്. ഈ ഇനത്തിൽ 11000 രൂപയാണ് ഒരു ജനപ്രതിനിധിക്ക് പ്രതിമാസം ലഭിക്കുന്നത്. 500 രൂപക്ക് ചാർജ് ചെയ്താൽ അൺലിമിറ്റഡ് കോളുകളും ഇന്റർനെറ്റും ഒക്കെ ഉള്ള ഈ കാലത്ത് ഈ തുകയുടെ അടിസ്ഥാനം എന്താണോ എന്തോ…
ഇനി അടുത്തത് ഇൻഫർമേഷൻ അലവൻസ് ആണ്. 4000 രൂപ. അടുത്തതായി ഓഫീസ് നടത്തിപ്പിനായി 8000 രൂപയും പ്രതിമാസം ലഭിക്കുന്നുണ്ട്. കൂടാതെ അസംബ്ലി സെഷനുകളിൽ പങ്കെടുക്കുമ്പോൾ കേരളത്തിനകത്താണെങ്കിൽ 1000 രൂപയും പുറത്താണെങ്കിൽ 1200 രൂപയും അംഗത്തിന് ലഭിക്കും. എല്ലാം കൂടി ഏകദേശം 70000 രൂപയാണ് ഒരു എംഎൽഎക്ക് പ്രതിമാസം കൈയിൽ ലഭിക്കുന്നത്.
ഇതിനു പുറമേ ksrtc യിൽ സൗജന്യ യാത്ര, 20 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷൂറൻസ്, വാഹനം വാങ്ങുന്നതിനായി പലിശയില്ലാതെ 10 ലക്ഷം രൂപ വായ്പ, വീട് പണിയുന്നതിനായി 20 ലക്ഷം രൂപ വായ്പ, പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രതി വർഷം 15000 രൂപ, തുടങ്ങിയ ആനുകൂല്യങ്ങളും കേരളത്തിൽ എംഎൽഎക്ക് ലഭിക്കും. ഇതു കൂടാതെ 20000 രൂപ വീതം ശമ്പളം നൽകി 2 ജീവനക്കാരെ നിയമിക്കുന്നതിനായി സ്റ്റാഫ് അലവൻസും ലഭിക്കുന്നുണ്ട്.
എംഎൽഎ മാർക്കും കുടുംബത്തിനും പരിധിയില്ലാതെ മെഡിക്കൽ ചെലവു തുകകൾ റീ ഇമ്പേഴ്സ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇനി കാലാവധി കഴിഞ്ഞാലോ. അപ്പോഴും ആനുകൂല്യങ്ങൾ അവസാനിക്കുന്നില്ല. 5 വർഷം ജനപ്രതിനിധിയായി പൂർത്തിയാക്കിയവർക്ക് ഏറ്റവും കുറഞ്ഞത് 20000 രൂപ പെൻഷൻ ലഭിക്കും. അഞ്ച് വർഷത്തിനു മുകളിലുള്ള ഓരോ വർഷത്തിനും 1000 രൂപ വീതം അധികമായി ലഭിക്കും. 70 വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ 3000 രൂപ കൂടി അധികമായി ലഭിക്കും. ഇങ്ങനെ പരമാവധി 50000 രൂപ വരെ മരണം വരെ പെൻഷനായി ലഭിക്കും. എംഎൽഎ മരിച്ചാൽ, ഭാര്യക്കോ ആശ്രിതർക്കോ അവരുടെ മരണം വരെ ഫാമിലി പെൻഷനും ലഭിക്കും. ഇനി ഇതിനൊക്കെ പുറമേ പഴയ എംഎൽഎ മാർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയുടെ റെയിൽ/ഫ്യൂവൽ കൂപ്പണും ലഭിക്കും. ഇപ്പോൾ മനസിലായിക്കാണുമല്ലോ എന്തുകൊണ്ടാണ് ഇവർക്കൊക്കെ ജനങ്ങളെ സേവിക്കാൻ ഇത്രയധികം താൽപര്യമെന്ന്.
മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എന്താണെന്ന് നോക്കിയാലോ…
ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. കേരളത്തിലെ കണക്കാണ് മുകളിൽ പറഞ്ഞത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ തുകകൾ കേട്ടാൽ കേരളത്തിലെ എംഎൽഎ മാർ വെറും പാമരന്മാരാണ്. നമുക്ക് ചില സംസ്ഥാനങ്ങളിൽ എംഎൽഎ മാർക്ക് ലഭിക്കുന്ന ആകെ തുക കേരളത്തിലെ എംഎൽഎമാരുടെ 70000 രൂപയുമായി ഒന്ന് തട്ടിച്ചു നോക്കിയാലോ.
ആദ്യം തെലുങ്കാനയും മഹാരാഷ്ട്രയും നോക്കാം. അവിടെ 2.5 ലക്ഷം രൂപമായാണ് ഒരു എംഎൽഎക്ക് പ്രതിമാസം ലഭിക്കുന്നത്. കേരളത്തിലെ എംഎൽഎയുടെ പ്രതിമാസ വേതനത്തേക്കാൾ മൂന്നിരട്ടിയിലധികം. ഇനി ഡൽഹി നോക്കിയാലോ. അവിടെ 2.1 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. ഉത്തർ പ്രദേശിൽ 1.87 ലക്ഷം, ഹിമാചൽ പ്രദേശിൽ 2 ലക്ഷം എന്നിങ്ങനെ പോകുന്നു. ഏറ്റവും കൂടുതൽ എംഎൽഎ മാർക്ക് ലഭിക്കുന്നത് ഇന്ത്യയിലെ ഏറ്റവും പിന്നോക്കവും ദരിദ്രവുമായ സംസ്ഥാനമായ ജാർഖണ്ഡിലാണ്. അവിടെ 2.9 ലക്ഷം രൂപയാണ് എംഎൽഎ മാരുടെ പ്രതിമാസ അലവൻസ്. കേരളത്തിലേതിനേക്കാൾ നാലിരട്ടി. എല്ലായിടത്തും നമ്പർ വൺ എന്ന് പറയുന്ന കേരളം ഇക്കാര്യത്തിലെങ്കിലും ഇന്ത്യയിൽ വളരെ പുറകിലാണ്.
ഇനി എംഎൽഎമാരുടേയും എംപിമാരുടേയും ശമ്പളം ഒന്നു തട്ടിച്ചുനോക്കിയാലോ?
ഇനി എംഎൽഎ മാരെപ്പോലെ എംപിമാരും നമ്മുടെ ജനപ്രതിനിധികൾ തന്നെയാണല്ലോ. അവരുടെ ആനുകൂല്യങ്ങൾ കൂടി ഒന്ന് നോക്കിയാലോ. പാർലമെന്റ് എംപി മാർക്ക് പ്രതിമാസം ഏകദേശം 2.86 ലക്ഷം രൂപയാണ് ലഭിക്കുന്നത്. യാത്രാ ചിലവുകൾ അതാത് സംസ്ഥാനവും ഡൽഹിയുമായുള്ള അകലമനുസരിച്ച് കൂടുതൽ ലഭിക്കും. കേരളത്തിലെയും തമിഴ് നാട്ടിലേയും എംപി മാർക്കാണ് അത്തരത്തിൽ കൂടുതൽ യാത്രാബത്ത ലഭിച്ചു വരുന്നത്. എന്നാൽ അത് വരുമാനമായി കാണാൻ കഴിയില്ല. കാരണം വിമാനടിക്കറ്റ് നിരക്കെല്ലാം ദൂരത്തിനനുസരിച്ച് കൂടുതലാണല്ലോ.
പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും
ഇനി ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ കാര്യം കൂടി ഒന്ന് പരിശോധിക്കാം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് കേരളത്തിൽ ശമ്പളം ഇല്ല എന്നതാണ് വസ്തുത. അവർക്ക് ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം തുക അനുവദിക്കുന്നത്. അതിന്റെ നിരക്കുകൾ ഇനി പറയും വിധമാണ്.
ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന് 13200, വൈസ് പ്രസിഡന്റിന് 10600 സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണ് 8200 അംഗങ്ങൾക്ക് 7000 എന്നിങ്ങനെയാണ് നിലവിലെ തുക. അത് വർധിപ്പിക്കണം എന്ന ആവശ്യം നിരവധി തവണ ഉയർന്നിരുന്നെങ്കിലും നിലവിൽ ഇതുവരെ പരിഗണിച്ചിട്ടില്ല.
ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റിന് 14600, വൈസ് പ്രസിഡന്റിന് 12000 സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ് 9400 അംഗങ്ങൾക്ക് 8800 എന്നിങ്ങനെയാണ് തുക.
ഇനി ജില്ലാ പഞ്ചയാത്തിൽ പ്രസിഡന്റിന് 15800, വൈസ് പ്രസിഡന്റിന് 13200 സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ് 9400 അംഗങ്ങൾക്ക് 8800 എന്നിങ്ങനെയാണ് നിലവിലെ തുക.
മുൻസിപ്പാലിറ്റിയിൽ ചെയർപേഴ്സണ് 15600 വൈസ് ചെയർ പേഴ്സൺ 12000 കൗൺസിലർക്ക് 8600 എന്നിങ്ങനെയും കോർപറേഷനിൽ മേയർക്ക് 16800 ഡെപ്യൂട്ടി മേയർക്ക് 13200 കൗൺസിലർക്ക് 9200 എന്നിങ്ങനെയുമാണ് ലഭിക്കുന്നത്. ഇത് കൂടാതെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനായി ഓരോ യോഗത്തിനും 250 രൂപ വീതവും ലഭിക്കും.
ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിലെ ജനപ്രതിനിധികൾക്ക് താരതമ്യേന കുറഞ്ഞ അലവൻസുകളാണ് ലഭിക്കുന്നത്, എന്നാൽ അവരുടെ ജോലിയും ഇടപെടലുകളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഫലപ്രദവുമാണ്.
















































