കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഏറ്റവും വിവാദം നിറഞ്ഞ ഒരു ഗ്രാമ പഞ്ചായത്തായിരിക്കുകയാണ് മറ്റത്തൂർ. കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബിജെപിക്ക് പിന്തുണ നൽകുകയാണ് ചെയ്തതെന്നാണ് പൊതുവേ പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് അതായിരുന്നില്ല. സിപിഎം നടത്താൻ ശ്രമിച്ച ഒരു അട്ടിമറി അടപടലം പൊളിയുന്ന കാഴ്ചയായിരുന്നു മറ്റത്തൂരിൽ സംഭവിച്ചത്. എന്നാൽ തങ്ങൾ നടത്തിയ രാഷ്ട്രീയ അട്ടിമറിയെ മറച്ചുപിടക്കാനായി സിപിഎം ഈ സംഭവത്തെ ബിജെപിയുടെ ലേബലിലേക്ക് മാത്രമായി ചുരുക്കുകയാണ് ചെയ്തത്. കാര്യങ്ങൾ വളച്ചൊടിക്കുന്നതിൽ വിദഗ്ദരായ സിപിഎം സൈബർ ഹാൻഡിലുകളും ഏറ്റുപിടിച്ചതോടെ കാര്യം തിരിഞ്ഞു മറിയുകയായിരുന്നു.
മറ്റത്തൂരിൽ സംഭവിച്ചതിനെക്കുറിച്ച് ശരിക്കും മനസിലാക്കണമെങ്കിൽ ആദ്യം നമുക്ക് മറ്റൊരു പഞ്ചായത്തിൽ സംഭവിച്ചതുകൂടി പരിശോധിക്കേണ്ടതുണ്ട്. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പഞ്ചായത്തിൽ. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ആകെ 72 പഞ്ചായത്തിൽ യുഡിഎഫിന് ഭരണം കിട്ടിയ കേവലം 14 പഞ്ചായത്തുകളിൽ ഒന്നായിരുന്നു കാലങ്ങളായി യുഡിഎഫ് ഭരിച്ചു വരുന്ന പുളിങ്കുന്ന്. ആകെ 16 വാർഡുകളുള്ള പഞ്ചായത്തിൽ ഇത്തവണ പക്ഷേ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 6 സീറ്റുകൾ നേടിയ യുഡിഎഫ് ഏറ്റവും വലിയ മുന്നണിയായി. എൽഡിഎഫിന് 5 സീറ്റ്. 3 സീറ്റ് ബിജെപി നേടി. ഓരോ സീറ്റുകൾ സിപിഎം, കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥികൾ നേടി. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വന്നപ്പോൾ സിപിഎം തന്ത്രപരമായ നീക്കത്തിലൂടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച ഔസേപ്പച്ചൻ വെമ്പാടുംതറയെ പിന്തുണയ്ക്കുകയായിരുന്നു. അതോടെ കോൺഗ്രസിന് ഒരു സീറ്റ് കുറയുകയും എൽഡിഎഫ് വിജയിക്കുകയും ചെയ്തു. അങ്ങനെയാണ് ഇത്തവണ കേരളമാകെ വീശിയ യുഡിഎഫ് തരംഗത്തിനിടയിലും പതിറ്റാണ്ടുകൾ നീണ്ട യുഡിഎഫ് ഭരണം പുളിങ്കുന്നിൽ അവസാനിച്ചത്. എങ്ങനെ അവസാനിപ്പിച്ചു എന്നത് പ്രത്യേകം ഓർക്കണം. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച അംഗത്തെ മറുകണ്ടം ചാടിച്ചാണ് സിപിഎം പഞ്ചായത്തിൽ അട്ടിമറി നടത്തിയത്.
ഇതേ ശ്രമം തന്നെയാണ് മറ്റത്തൂരിലും സിപിഎം ശ്രമിച്ചത്. ഒരു വ്യത്യാസം പതിറ്റാണ്ടുകളായുള്ള കോൺഗ്രസ് ഭരണം അവസാനിപ്പിക്കാനാണ് പുളിങ്കുന്നിൽ ഈ തറപരിപാടി സിപിഎം കാണിച്ചതെങ്കിൽ മറ്റത്തൂരിൽ ഭരണം തുടരുന്നതിനു വേണ്ടിയായിരുന്നു എന്നതു മാത്രം. ആദ്യം തന്നെ മറ്റത്തൂരിലെ രാഷ്ട്രീയ പാശ്ചാത്തലം ഒന്ന് നോക്കാം. രണ്ടു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ് മറ്റത്തൂർ. പ്രവർത്തന മികവിന് ധാരാളം അംഗീകാരങ്ങളും പഞ്ചായത്തിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ തവണയും ഭരണതുടർച്ചയാണ് ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരുന്നു.
ആകെയുള്ള 24 സീറ്റിൽ 10 എണ്ണം നേടി ഏറ്റവും വലിയ മുന്നണിയായെങ്കിലും ഇടതുപക്ഷത്തിന് വിജയിക്കാൻ അതു മാത്രം പോരായിരുന്നു. മറുഭാഗത്ത് യുഡിഎഫ് 8 സീറ്റും ബിജെപി 4 സീറ്റും നേടിയപ്പോൾ ബാക്കി 2 സീറ്റുകൾ കോൺഗ്രസ് വിമതരായിരുന്നു നേടിയത്. അതുകൊണ്ട് തന്നെ അവരെ അനുനയിപ്പിച്ച് കൂടെ നിർത്തിയാൽ എൽഡിഎഫിനും യുഡിഎഫിനും 10 വീതം തുല്യ സീറ്റുകളാവും. അതിൽ ഒരു വിമതൻ വെള്ളിക്കുളങ്ങര വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്ന കെആർ ഔസേഫായിരുന്നു. തെരഞ്ഞെടുപ്പിൽ വിമതരുൾപ്പെടെ 10 പേരുടെ പിന്തുണ കിട്ടുമ്പോൾ 10 പേരുള്ള എൽഡിഎഫിന്റെ വോട്ടിനൊപ്പം എത്താമെന്നും നറുക്കെടുപ്പിൽ നോക്കാമെന്നുമായിരുന്നു കോൺഗ്രസ് കരുതിയത്. അങ്ങനെ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് കെആർ ഔസേഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. അതുപോലെ വിജയിച്ച മറ്റൊരു കോൺഗ്രസ് വിമതയായ ടെസ്സി ജോസിനേയും തീരുമാനിച്ചിരുന്നു.
എന്നാൽ തുടർച്ചായി ഭരണം കൈയാളിപ്പോരുന്ന സിപിഎമ്മിന് കൈയിലുള്ള ഭരണം അങ്ങനെ ഭാഗ്യപരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസുണ്ടായിരുന്നില്ല. അവർ പുളിങ്കുന്നിലെ അതേ തന്ത്രം ഇവിടെയും പുറത്തെടുത്തു. ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പഞ്ചായത്തിലെത്തിയപ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ ആ കാര്യം മനസിലാക്കിയത്. തങ്ങൾ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മുന്നോട്ട് വച്ച ഔസേഫ് ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുന്നു. അതോടെ ഔസേഫിനെക്കൂടെ കൂട്ടിയാൽ എൽഡിഎഫിന് 11 ഉം യുഡിഎഫിന് 9 ഉം സീറ്റുകളാവും. സ്വാഭാവികമായും ഇടതുപക്ഷം ജയിക്കും. മറ്റത്തൂരിൽ ഇടതു ഭരണ തുടർച്ച ഉണ്ടാവുകയും ചെയ്യും.
അവിടെ നിന്നാണ് പിന്നീടുള്ള നാടകീയ സംഭവങ്ങൾ നടന്നത്. സിപിഎമ്മിന്റെ ഈ നീക്കം മനസിലായതോടെ ബിജെപി കളത്തിലിറങ്ങുകയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് തീരുമാനിച്ചിരുന്ന സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ തീരുമാനം അറിയിക്കുകയും ചെയ്തു. പിന്നാലെ യുഡിഎഫിന്റെ 8 കോൺഗ്രസ് അംഗങ്ങളും ടെസിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. എന്നാൽ കോൺഗ്രസ് ജില്ലാ നേതൃത്വം ബിജെപിയുടെ പിന്തുണയോടെ ഒരു നീക്കവും അംഗീകരിക്കില്ല എന്ന് വ്യക്തമാക്കിയതോടെ എട്ടു പേരും കോൺഗ്രസ് അംഗത്വം രാജി വെക്കുന്നതായി കത്തു നൽകുകയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ടെസ്സിക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ടെസ്സിയെ വൈസ് പ്രസിഡന്റാക്കാൻ കോൺഗ്രസ് മുമ്പേ തീരുമാനിച്ചിരുന്നു എന്ന കാര്യമാണ്. അതായത് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത് ബിജെപിയുടെ സ്ഥാനാർത്ഥിക്കായിരുന്നില്ല. മുമ്പേ തന്നെ പാർട്ടി പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കായിരുന്നു. ബിജെപി കൂടി ആ സ്ഥാനാർത്ഥിയെ പിന്തുണച്ചു എന്നതാണ് പ്രശ്നമായത്. എന്നാൽ ആ നീക്കം സിപിഎം മറ്റു പലയിടത്തും ഇന്നലെ നടത്തിയതുപോലെയുള്ള രാഷ്ട്രീയ അധാർമികമായ അട്ടിമറി ശ്രമത്തെ പൊളിക്കാനായിരുന്നു എന്നതു കൂടി ഇതിനോടൊപ്പം ഓർക്കേണ്ടതുണ്ട്.
ഒടുവിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായ ടെസ്സി ജോസ് 13 വോട്ട് നേടി ജയിച്ചപ്പോൾ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതൻ കെആർ ഔസേഫിന് 11 വോട്ട് മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് ജില്ലാ നേതൃത്വം പക്ഷേ ബിജെപി കൂടി പിന്തുണച്ച ഒരു സ്ഥാനാർത്ഥിയെ പിന്തുണച്ചതിനെ അംഗീകരിച്ചില്ല, എട്ടു പേരെയും അതിനു തീരുമാനമെടുത്ത മറ്റത്തൂരിലെ മറ്റു രണ്ട് പ്രധാന കോൺഗ്രസ് നേതാക്കളേയും അപ്പോൾ തന്നെ പുറത്താക്കുകയും ചെയ്തു.
ഇനി ഇതിലെ കുറച്ച് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാം
മറ്റത്തൂരിൽ കോൺഗ്രസ് ബി ജെ പി യെ പിന്തുണച്ചോ?
ഇല്ല. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ടെസ്സി ജോസിനെയാണ് യുഡിഎഫ് പിന്തുണച്ചത്.
മറ്റത്തൂരിൽ എൽഡിഎഫിന് രാഷ്ട്രീയ ധാർമികത പറയാൻ അടിസ്ഥാനമുണ്ടോ?
അതും ഇല്ല. കാരണം എൽഡിഎഫിന് ഏത് വിധേനയും ഭരണം കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. അവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിർത്തിയത് എൽഡിഎഫ് പിന്തുണയിൽ വിജയിച്ച 10 പേരിൽ ആരെയും ആയിരുന്നില്ല. പകരം കോൺഗ്രസ് വിമതനായി വിജയിക്കുകയും പിന്നീട് കോൺഗ്രസ് തന്നെ പ്രസിഡന്റാക്കാൻ തീരുമാനിക്കുകയും ചെയ്ത ഔസേഫിനെ ചാക്കിട്ടു പിടിച്ച് സ്വന്തം പ്രസിഡന്റ് ആക്കി 5 വർഷം ഭരിക്കാമെന്ന കുതന്ത്രം പയറ്റാനാണ് സിപിഎം ശ്രമിച്ചത്.
പക്ഷേ മറുവശത്ത് അതിലും വലിയ തന്ത്രം ബിജെപി പ്രയോഗിക്കപ്പെട്ടപ്പോൾ സിപിഎമ്മിന്റെ നീക്കം പൊളിഞ്ഞു.
ഇനി അവസാനമായി ബിജെപി മറ്റത്തൂരിൽ ഭരണത്തിൽ ഉണ്ടോ?
നിലവിൽ ഇല്ല. അവർ പിന്തുണച്ചത് സ്വതന്ത്രയായി വിജയിച്ച ഒരു അംഗത്തെയാണ്.
ചുരുക്കി പറഞ്ഞാൽ പുളിങ്കുന്നിൽ നടത്തിയ പോലെ ഭരണം പിടിക്കാൻ സിപിഎം നടത്തിയ ഒരു കുതന്ത്രം പക്ഷേ മറ്റത്തൂരിൽ പൊളിഞ്ഞു പാളീസായി. അവിടെ ഒരു ഔസേഫിനെ മുൻനിർത്തി വിജയിച്ച കളി ഇവിടെ മറ്റൊരു ഔസേഫിനെ വച്ച് പയറ്റി. പക്ഷേ ചെറുതായി പാളിപ്പോയി. അതാണ് സംഭവിച്ചത്. ഇനി കോൺഗ്രസിന്റെ അംഗങ്ങളുടെ കാര്യം. അവർ മുമ്പേ ടെസ്സിയെ വൈസ് പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നതായിരുന്നു. ആ പിന്തുണ പ്രസിഡന്റ് സ്ഥാനത്തേക്കായി മാറി എന്ന് മാത്രം. അപ്രതീക്ഷിതം എന്ന് പറയാവുന്നത് ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു എന്നതാണ്. ഇതാണ് മറ്റത്തൂരിൽ നടന്നത്. എന്നാൽ പലരും സോഷ്യൽ മീഡിയ താരമായ ബിജെപി അംഗം അതുൽ കൃഷ്ണയെ അതിന്റെ പിന്നിലെ ശക്തിയായി ഉയർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതായിരുന്നു ഇത് ഇത്രയും വളച്ചൊടിക്കപ്പെടാനും സിപിഎമ്മിന്റെ മറ്റത്തൂരിലെ രാഷ്ട്രീയ അട്ടിമറിക്കുള്ള ശ്രമത്തിന്റെ വാർത്തകൾ മുങ്ങിപ്പോകാനും കാരണം.
യഥാർത്ഥത്തിൽ അതുൽ കൃഷ്ണ സോഷ്യൽ മീഡിയയിൽ ഒരു താരമാണെങ്കിലും ഇത്തരം പൊളിറ്റിക്കൽ നീക്കങ്ങൾ നടത്താൻ മാത്രം രാഷ്ട്രീയ പരിചയമോ അനുഭവ സമ്പത്തോ ഒന്നും ഉള്ള ആളല്ല. ഈ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആയതിനു ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് വന്നതു തന്നെ. അത്തരം ഒരാൾ ഒരു ദേശീയ പാർട്ടിയുടെ എട്ട് അംഗങ്ങളെ മറുകണ്ടം ചാടിച്ചു എന്നൊക്കെ ഭാവന കാണുന്നവർക്ക് പറയാം. പക്ഷേ ഇതിലെ വസ്തുതകൾ അതുമായി യാതൊരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ തന്ത്രത്തിന് തക്കതായ മറുപടി നൽകി. അത് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാവുന്നതല്ല. പുളിങ്കുന്നിൽ വിജയിച്ചു. മറ്റത്തൂരിൽ പൊളിഞ്ഞു. അത്രമാത്രം.


















































