കൊച്ചി: മുട്ടം മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപരുക്കേൽപ്പിച്ചു. ഭർത്താവിൽ നിന്ന് രക്ഷപെട്ടോടിയ നീതുവിനെ കൂനംതൈ സ്വദേശി മഹേഷാണ് ആക്രമിച്ചത്. സ്ഥിരം മദ്യപാനിയാണു മഹേഷ്. മദ്യപിച്ച് വീട്ടിലെത്തി നീതുവിനെ ആക്രമിക്കുന്നതു പതിവായിരുന്നു. ആക്രമണം സഹിക്കവയ്യാതെ ഒരാഴ്ച മുൻപ് ബന്ധുവീട്ടിലേക്ക് നീതു താമസം മാറിയിരുന്നു.
ഇതിനിടെ നീതു ജോലി ചെയ്യുന്ന മുട്ടത്തെ സ്ഥലത്തെത്തി മഹഷ് മനഃപൂർവം പ്രശ്നമുണ്ടാക്കി. ഇന്നലെ രാവിലെയും ഇയാൾ നീതുവിന്റെ ജോലിസ്ഥലത്തെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിനുശേഷം ജോലി കഴിഞ്ഞ് ബന്ധുവീട്ടിലേക്കു മടങ്ങാനായി നീതു ബസ് സ്റ്റാൻഡിലെത്തിയപ്പോഴും മഹേഷ് പ്രശ്നമുണ്ടാക്കി. ഇവിടെനിന്നു രക്ഷപ്പെട്ടാണു നീതു മുട്ടം മെട്രോ സ്റ്റേഷനിലെത്തിയത്. എന്നാൽ പിൻതുടർന്നെത്തിയ മഹേഷ് നീതുവിന്റെ വയറ്റിൽ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ മറ്റു യാത്രക്കാർ മഹേഷിനെ പിടികൂടി. പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് മഹേഷ് നീതുവിനെ ആക്രമിച്ചതെന്നാണു പോലീസ് പറയുന്നത്.
അതേസമയം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നീതു അപകടനില തരണം ചെയ്തു.


















































