ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചതായി ആരോപണം. വായു മലിനീരകണം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യാ ഗേറ്റിൽ ഞായറാഴ്ചയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് ഇവരിൽ പലരേയും അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.
കസ്റ്റഡിയിൽവെച്ച് പുരുഷ പോലീസ് തങ്ങളെ അധിക്ഷേപിച്ചുവെന്ന് പ്രതിഷേധക്കാരിൽ അറസ്റ്റ് ചെയ്യപ്പെട്ട വനിതകൾ കോടതിയിൽ പറഞ്ഞു. പ്രതികളുമായി, പോലീസ് സാന്നിധ്യത്തിലല്ലാതെ രഹസ്യമായി കോടതി സംസാരിച്ചപ്പോഴാണ് ഇവർ ആരോപണം ഉന്നയിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് അക്രമിച്ചതിന്റെ പാടുകളും ഇവർ കാണിച്ചു.
ഒരു ബൂത്തിൽ കൊണ്ടുപോയി പോലീസ് തങ്ങളെ മർദിച്ചുവെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. വയറ്റിലും നെഞ്ചിലും പിറകിലും പോലീസ് മർദിച്ചതിന്റെ പാടുകളുണ്ടെന്ന് കോടതിയെ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ കഴുത്തിൽ മുറിവേറ്റതിന്റെ രേഖകളും കോടതി മുമ്പാകെ ഹാജരാക്കി. എന്നാൽ, ആരോപണങ്ങൾ പോലീസ് തള്ളി. നേരത്തെ ഉണ്ടായിരുന്ന പരിക്കാണ് ഇതെന്നായിരുന്നു പോലീസിന്റെ ഭാഗം. വാദം കേൾക്കലിൽ മാധ്യമങ്ങളെ കോടതി വിലക്കിയിരുന്നു.
അടുത്തിടെ ആന്ധ്രാപ്രദേശിൽ കൊല്ലപ്പെട്ട നക്സൽ നേതാവ് മാധ്വി ഹിദ്മയെ പിന്തുണച്ച് പോസ്റ്ററുകളും മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 11 വനിതകൾ ഉൾപ്പെടെ പതിനേഴുപേരെയാണ് പട്യാല ഹൗസിലെ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. ഡൽഹി ഡിസിപി ദേവേഷ് മഹ്ല കോടതിയിൽ ഹാജരായി.























































