കാൺപുർ: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജയ്ഷെ മുഹമ്മദ് പ്രവർത്തക ഷഹീൻ ഷാഹിദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 സ്ത്രീകൾക്കായി തിരച്ചിൽ ഊർജിതമാക്കി അന്വേഷണ ഏജൻസികൾ. കാൺപുരിലും സമീപ ജില്ലകളിലുമായുള്ള സംശയനിഴലിലുള്ള 19 സ്ത്രീകൾക്കായി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്), കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ, ജില്ലാ പോലീസ് എന്നിവർ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഇവർ ഷഹീന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടരായി തീവ്രവാദ ആശയങ്ങളിലേക്ക് സ്വാധീനിക്കപ്പെട്ടവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇവരിലൂടെ ഷഹീനുമായി ബന്ധപ്പെട്ട ശൃംഖലയെക്കുറിച്ച് മനസിലാക്കാനും, അവരെ നിയന്ത്രിക്കുന്നവരെ കണ്ടെത്താനും സഹായകരമായ വിവരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം പിടിയിലായ ഷഹീൻ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ലഖ്‌നൗവിൽ നിന്നാണ്. പിന്നീട് സിപിഎംടി പരീക്ഷ നല്ല മാർക്കോടെ പാസായി. അവർ 1996-ൽ പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ എംബിബിഎസിനായി ചേർന്നു. 2002ഓടെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ അവർ ഫാർമക്കോളജിയിൽ എംഡി നേടി. 2006-07 കാലഘട്ടത്തിൽ യുപിപിഎസ്‌സി വഴിയാണ് അവർക്ക് ജിഎസ്‌വിഎം മെഡിക്കൽ കോളേജ്, കാൺപുരിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്. 2009-10ൽ അവരെ കനൗജ് മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയെങ്കിലും 2010ൽ അവർ കാൺപുരിലേക്ക് തിരിച്ചെത്തി.
സ്ഥാപനപരമായ വസ്ത്രധാരണ മാനദണ്ഡങ്ങൾ പാലിക്കാൻ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും ഷഹീൻ ഇതെല്ലാം അവഗണിച്ച് ഹിജാബ് ധരിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തിരുന്നവർ പറയുന്നു. ഔദ്യോഗിക കാലയളവിൽ കൃത്യമായ വിശദീകരണങ്ങൾ നൽകാതെയുള്ള അവധികളും പെട്ടെന്നുള്ള വിദേശയാത്രകളും നടത്തിയിരുന്ന ഷഹീൻ മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി 2021ൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.


















































