പ്രശസ്ത ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. മുരളി കൃഷ്ണയുടെ മരണത്തിൽ വികാരഭരിതയായി ഗായിക കെ. എസ് ചിത്ര ഫേസ്ബുക്കിൽ അനുശോചനക്കുറിപ്പ് പങ്കുവച്ചു. പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടിയെന്നും ഈ വേദനയും ദുഃഖവും മറികടക്കാൻ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നൽകട്ടേയെന്നും ചിത്രയുടെ കുറിപ്പിൽ പറയുന്നു.
‘ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി,’ കെ എസ് ചിത്ര കുറിച്ചു. ചിത്രയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുശോചനം അറിയിക്കുന്നത്.
ഭർത്താവ് വി. രാമപ്രസാദിന്റെ മരണശേഷം ജാനകി സിനിമ രംഗത്ത് സജീവമല്ലാതായി. പ്രാർത്ഥനാ ജീവിതത്തിനാണ് ഗായികയിപ്പോൾ പ്രാധാന്യം നല്കുന്നത്. ജാനകിയുടെ ഏക മകനാണ് മുരളി കൃഷ്ണ. മരുമകൾ ഉമ.






