കൊച്ചി: 12-കാരനെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ അമ്മയും കൂട്ടുകാരനും അറസ്റ്റിൽ. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിവിൽ സപ്ലൈസ് വകുപ്പിൽ റേഷനിങ് ഇൻസ്‌പെക്ടറും യൂട്യൂബറും ആക്ടിവിസ്റ്റുമായ അമ്മയാണ് ഒന്നാംപ്രതി. ഇവരുടെ സുഹൃത്തും യൂട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാർഥ് രാജീവാണ് (24) കൂട്ടുപ്രതി.
12ാം തിയതി രാത്രി 12 മുതൽ 13-ന് പുലർച്ചെ 3.30-വരെയുള്ള സമയത്താണ് കുട്ടിക്കു മർദനമേറ്റത്. രാത്രിയിൽ അമ്മക്കൊപ്പം കിടക്കാനെത്തിയ കുട്ടിയോട് മറ്റൊരു മുറിയിൽപോയി കിടക്കാൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും കുട്ടി സമ്മതിച്ചില്ല. ഇതോടെ സിദ്ധാർഥ് കുട്ടിയുടെ ഇടതു കൈയിൽപിടിച്ച് തിരിക്കുകയും തടഞ്ഞു നിർത്തി കഴുത്തിനുപിടിച്ച് ഞെക്കിക്കൊണ്ട് ഭിത്തിയോട് ചേർത്തുനിർത്തി തല ശൗചാലയത്തിലെ വാതിലിൽ ഇടിപ്പിക്കുകയും ചെയ്തു. നിലത്തുവീണ കുട്ടിയെ സംരക്ഷിക്കാൻ അമ്മ ശ്രമിച്ചില്ലെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ അമ്മ കുട്ടിയുടെ നെഞ്ചിൽ മാന്തുകയും ചെയ്തു. ബിഎൻഎസ് 115 (2), 3 (5), 126 (2) വകുപ്പുകളും ജൂവനൈൽ ജസ്റ്റിസ് വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
അതേസമയം ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ യുവതിയും വിദ്യാർഥിയായ മകനും എളമക്കരയ്ക്കുസമീപത്തെ ഫ്‌ലാറ്റിലാണ് താമസം. സംഭവമറിഞ്ഞ് കുട്ടിയുടെ പിതാവാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്നു ആശുപത്രി അധികൃതരാണ് പോലീസിൽ അറിയിച്ചത്. നിലവിൽ പിതാവിന്റെ സംരക്ഷണത്തിലാണ് കുട്ടി.















































