കണ്ണൂർ: ഒരു പത്തുവയസുകാരിയെ എന്തൊക്കെ വിധത്തിൽ മാനസീകമായും ശാരീരികമായും തളർത്താവോ അതെല്ലാം പാലത്തായി കേസിൽ പോലീസും രാഷ്ട്രീയ പാർട്ടിക്കാരും ചെയ്തു. നിഷ്കളങ്കതയുടെ മുഖംമൂടിയിൽ പ്രതിയൊളിച്ചപ്പോൾ നിയമം സംരക്ഷിക്കേണ്ടവർ തന്നെ പൊതുമധ്യത്തിൽ ആ കുരുന്നിനെ അപമാനിച്ചു. തുടക്കം മുതൽ ക്രൈംബ്രാഞ്ചും പോലീസും അവഗണിച്ച പാലത്തായി കേസിൽ ഒടുവിൽ നാട് മുഴുവൻ ചർച്ചചെയ്യുന്ന തരത്തിലുള്ള വിധിവന്നത്.
കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ഒരു ലക്ഷം പിഴയും (20 വർഷം വീതം) . തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേസിന്റെ നാൾ വഴികൾ പരിശോധിച്ചാൽ തുടക്കം മുതൽ ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസും ബാലനീതി നിയമ നിയമപ്രകാരമുള്ള ലഘുവായ കേസെന്ന് ക്രൈംബ്രാഞ്ചും എഴുതിത്തള്ളാൻ ശ്രമിച്ച കേസാണിത്. 2020 മാർച്ച് 17 നു പോലീസ് മുമ്പാകെ വന്ന പരാതി തുടക്കം മുതൽ അവഗണനയാണ് നേരിട്ടത്. ചൈൽഡ് ലൈനിന്റെ കൗൺസിലിംഗിൽ ആണ് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്. എന്നാൽ പരാതിയിൽ കുട്ടി പറഞ്ഞ തീയതിയിൽ അധ്യാപകൻ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു പാനൂർ എസ്എച്ച്ഓ തന്നെ ഒഴിവു കഴിവ് കണ്ടെത്തി. തുടർന്നു ഒരു മാസത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട് എന്ന വാദം ഉയർത്തി. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഐജി തന്നെ ഇക്കാര്യം പരസ്യമായി വിളിച്ചുപറഞ്ഞ് കുഞ്ഞിനെ അപമാനിച്ചു.
പിന്നീട് കുട്ടിയുടെ മൊഴിയെ ദുർബലപ്പെടുത്താനായി മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കം എത്തിച്ചു പലതവണ കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് തന്നെ ശ്രമിച്ചു. ഐജിയുടെ അതേ നിലപാട് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലും ആവർത്തിച്ചു. പോക്സോ വകുപ്പുകൾ നീക്കം ചെയ്തു ബാല നീതി നിയമത്തിലെ 75, 82 വകുപ്പുകൾ മാത്രം ചേർത്ത് ദുർബലമായ കുറ്റപത്രം തയാറാക്കി കോടതി മുമ്പാകെ സമർപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത് രക്ഷിതാവ് ഹൈക്കോടതിയിൽ എത്തിയപ്പോൾ പെൺകുട്ടിയുടെ മൊഴിയിൽ സ്ഥിരതയില്ല എന്ന ബാലിശമായ വാദമാണ് ക്രൈംബ്രാഞ്ച് നിരത്തിയത്.
തുടർന്ന് കോടതി നിർദ്ദേശപ്രകാരം അന്ന് നാർകോട്ടിക്സ് എ എസ്പി ആയിരുന്ന രേഷ്മ രമേശ് ഡിവൈഎസ്പി രത്നകുമാർ തുടങ്ങിയവർ അടങ്ങുന്ന അന്വേഷണ സംഘം കുറേക്കൂടി ഗൗരവമായി കേസന്വേഷിക്കുകയായിരുന്നു. കൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന ദിവസം അധ്യാപകൻ സ്കൂളിൽ ഇല്ലായിരുന്നു എന്ന വാദം അടക്കം പോലീസ് പൊളിച്ചു. 12 വയസിൽ താഴെയുള്ള കുട്ടികളോട് അതിക്രമം കാണിച്ചതിന് എഫ്എൽഎം അടക്കമുള്ള ഉപവകുപ്പുകൾ ചേർത്തു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് പറ്റിയിരുന്നു എന്നത് അടക്കമുള്ള സുപ്രധാനമായ കാര്യങ്ങൾ കുറ്റപത്രത്തിൽ ചേർത്തു. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഉള്ള പരിശോധന റിപ്പോർട്ടുകൾ ഹാജരാക്കി. അങ്ങനെ ദുർബലമായ കേസിനെ ബലപ്പെടുത്തി പോക്സോ തിരികെ ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രമാണ് ഇന്നത്തെ വിധിയിലേക്ക് നയിച്ചത്.
അതേസമയം തുടക്കം മുതൽ പ്രതി നിഷ്കളങ്കൻ ആണെന്ന വാദത്തിൽ ഒരു വിഭാഗം രാഷ്ട്രീയക്കാർ അടക്കം ആശയക്കുഴപ്പത്തിൽ ആയിരുന്നു. ആദ്യഘട്ടത്തിൽ പോലീസ് പറഞ്ഞത് ഭരണകർത്താക്കളും വിശ്വസിച്ചു. കോടതിയുടെ ഇടപെടലും രക്ഷിതാവിന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നിരന്തരമായ നീതിക്കായുള്ള പോരാട്ടവും ഇല്ലായിരുന്നുവെങ്കിൽ ഈ കേസിന്റെ ഗതിതന്നെ മാറിയേനെ.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസുകാരിയെ സ്കൂളിനകത്തും പുറത്തും വച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.


















































